മലയാളി കുടുംബത്തിൻ്റെ മരണത്തിൽ ദുരൂഹത; ദമ്പതിമാർ മരിച്ചത് വെടിയേറ്റ്,മൃതദേഹം കുളിമുറിയിൽ

Share our post

കാലിഫോർണിയ: അമേരിക്കയിൽ നാലംഗ മലയാളി കുടുംബത്തിന്റെ മരണത്തിൽ ദുരൂഹതയെന്ന് റിപ്പോർട്ട്. കാലിഫോർണിയയിലെ സാൻമറ്റേയോയിൽ മരിച്ചനിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശി ആനന്ദ് സുജിത് ഹെൻറി(42) ഭാര്യ ആലീസ് പ്രിയങ്ക ബെൻസിഗർ(40) ഇവരുടെ ഇരട്ടക്കുട്ടികളായ നോഹ, നെയ്‌തൻ(4) എന്നിവരുടെ മരണത്തിലാണ് ദുരൂഹത തുടരുന്നത്. വിഷവാതകം ശ്വസിച്ചാണ് മരണംസംഭവിച്ചതെന്നാണ് ആദ്യം പുറത്തുവന്നവിവരമെങ്കിലും ദമ്പതിമാർ മരിച്ചത് വെടിയേറ്റാണെന്നാണ് സാൻമറ്റേയോ പോലീസ് വ്യക്തമാക്കിയത്. വീട്ടിലെ കുളിമുറിയിലാണ് ദമ്പതിമാരുടെ മൃതദേഹം കണ്ടെത്തിയതെന്നും കുളിമുറിയിൽനിന്ന് ഒൻപത് എം.എം. പിസ്റ്റൾ കണ്ടെടുത്തതായും പോലീസ് വാർത്താക്കുറിപ്പിൽ അറിയിച്ചു.

കുട്ടികളെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയെന്നാണ് പോലീസിന്റെ വിശദീകരണം. എന്നാൽ, കുട്ടികളുടെ മരണകാരണം ഇതുവരെ വ്യക്തമല്ലെന്നും ചൊവ്വാഴ്‌ച പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പോലീസ് പറയുന്നു.

പ്രാദേശിക സമയം തിങ്കളാഴ്‌ച രാവിലെ 9.13-നാണ് സാൻമറ്റേയോ അലമേഡ ഡി ലാസ് പൽഗാസിലെ വീട്ടിനുള്ളിൽ നാലുപേരെയും മരിച്ചനിലയിൽ കണ്ടെത്തിയതെന്നാണ് പോലീസ് പറയുന്നത്. രാവിലെ വീട്ടിലെത്തിയപ്പോൾ ആരുടെയും പ്രതികരണമുണ്ടായില്ല. പരിശോധനയിൽ ബലംപ്രയോഗിച്ച് ആരെങ്കിലും വീടിനകത്ത് പ്രവേശിച്ചതിനും തെളിവ് കിട്ടിയില്ല. അടച്ചിടാതിരുന്ന ജനൽവഴിയാണ് പോലീസ് സംഘം വീടിനകത്ത് കടന്നതെന്നും തുടർന്ന് നടത്തിയ പരിശോധനയിലാണ് നാലുപേരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയതെന്നും വാർത്താക്കുറിപ്പിലുണ്ട്. സംഭവത്തിൽ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ബ്യൂറോ(സി.ഐ.ബി) അന്വേഷണം ഏറ്റെടുത്തതായും ഇതൊരു ഒറ്റപ്പെട്ട സംഭവമാണെന്നും പൊതുജനങ്ങൾക്ക് അപകടസാധ്യതയില്ലെന്നും പോലീസ് അറിയിച്ചു.

കൊല്ലം ഫാത്തിമാമാതാ കോളജിലെ മുൻ പ്രിൻസിപ്പൽ പട്ടത്താനം വികാസ് നഗർ 57-ൽ ഡോ.ജി. ഹെൻറിയുടെ മകനാണ് ആനന്ദ്. ഭാര്യ ആലീസ് കിളികൊല്ലൂർ സ്വദേശിനിയാണ്.

ഗൂഗിളിൽ ജോലിചെയ്യുകയായിരുന്ന ആനന്ദ് അടുത്തിടെയാണ് ജോലി രാജിവെച്ച് സ്റ്റാർട്ടപ്പ് തുടങ്ങിയത്. ആലീസ് പ്രിയങ്ക സീനിയർ അനലിസ്റ്റായിരുന്നു. ആറ് വർഷങ്ങൾക്ക് മുമ്പാണ് കുടുംബം അമേരിക്കയിലേക്ക് പോയത്. അതിനുശേഷം നാട്ടിലേക്ക് വന്നിട്ടില്ല. ആലീസിൻ്റെ അമ്മ ജൂലിയറ്റും ഇവർക്കൊപ്പം അമേരിക്കയിലായിരുന്നു. ഞായറാഴ്ചയാണ് ജൂലിയറ്റ് അവിടെനിന്ന് നാട്ടിലേക്ക് തിരിച്ചത്. തിങ്കളാഴ്‌ച പുലർച്ചെ തിരുവനന്തപുരത്തെത്തി ആലീസിനെ വിളിച്ചിരുന്നു. അതിനുശേഷം ഇരുവരേയും ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ല. അവിടെയുള്ള സുഹൃത്തുക്കൾ വഴി ആനന്ദിൻ്റെ വീട്ടിൽ അന്വേഷിച്ചെങ്കിലും വീട് തുറന്നില്ല. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!