ഫെബ്രുവരി 16ന് ഗ്രാമീൺ ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് കര്‍ഷക സംഘടനകൾ

ന്യൂഡല്‍ഹി : കര്‍ഷക സമരത്തിന് പിന്നാലെ ദേശീയ തലത്തില്‍ ബന്ദിന് ആഹ്വാനം ചെയ്ത് കര്‍ഷക ട്രേഡ് യൂണിയന്‍ സംഘടനകള്‍. ഫെബ്രുവരി 16നാണ് ഗ്രാമീണ്‍ ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സംയുക്ത കിസാന്‍ മോര്‍ച്ച, സെന്‍ട്രല്‍ ട്രേഡ് യൂണിയനുകള്‍ എന്നിവയാണ് പ്രഖ്യാപനം നടത്തിയത്. മറ്റ് കര്‍ഷക സംഘടനകളോട് ബന്ദില്‍ അണി ചേരണമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച നേതൃത്വം അഭ്യര്‍ത്ഥിച്ചു.
16ന് രാവിലെ ആറ് മുതല്‍ വൈകിട്ട് നാല് വരെയാണ് ബന്ദ്. ആംബുലന്‍സ്, പത്ര വിതരണം, വിവാഹം, മെഡിക്കല്‍ ഷോപ്പുകള്‍, വിദ്യാര്‍ഥികളുടെ പരീക്ഷ എന്നിവയെ ബന്ദില്‍ നിന്ന് ഒഴിവാക്കി.
കാര്‍ഷിക ഉല്‍പ്പന്നങ്ങൾക്ക് താങ്ങുവില ഉറപ്പാക്കുന്ന നിയമം നടപ്പാക്കണം എന്നാവശ്യപ്പെട്ടാണ് കര്‍ഷക സംഘടനകള്‍ സമരം ചെയ്യുന്നത്. മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതി ശക്തിപ്പെടുത്തണം, പഴയ പെന്‍ഷന്‍ പദ്ധതി പുന:സ്ഥാപിക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നു.