കൊട്ടിയൂരിൽ മയക്കുവെടി വെച്ച കടുവയെ ഉടൻ വനത്തിലേക്ക് വിടില്ല

Share our post

കൊട്ടിയൂർ: കൊട്ടിയൂർ പന്നിയാംമലയിൽ മയക്കുവെടി വെച്ച് പിടികൂടിയ കടുവയെ ഉടൻ വനത്തിലേക്ക് വിടില്ല. വനം വകുപ്പിൻ്റെ ആരോഗ്യ പരിശോധനയിൽ കടുവയുടെ ഉളിപ്പല്ല് ഇല്ലെന്ന് തെളിഞ്ഞു. തുടർന്ന് ഡോക്ടർമാരുടെ പരിശോധനാഫലം വന്നതിനുശേഷം മാത്രം തീരുമാനമെടുക്കുകയുള്ളൂ എന്നും ഡി.എഫ്.ഒ അറിയിച്ചു. ഇര തേടി ഭക്ഷണം കണ്ടെത്താൻ കടുവയ്ക്ക് ഉളിപ്പല്ല് അത്യാവശ്യമാണ്. എന്നാൽ പിടികൂടിയ കടുവക്ക് ഉളിപ്പല്ല് നഷ്ടമായതിനാൽ കടുവ വീണ്ടും ജനവാസ മേഖലയിലേക്ക് ഇറങ്ങാൻ സാധ്യതയുണ്ട്. അതിനാലാണ് കടുവയെ ഉടൻ വനത്തിലേക്ക് വിടില്ല എന്ന തീരുമാനത്തിലേക്ക് എത്തിയത്.

കൊട്ടിയൂർ സെക്ഷൻ ഫോറസ്റ്റിന് കീഴിലുള്ള വനംവകുപ്പ് സംഘം സ്ഥലത്തെത്തിയാണ് കടുവയെ മയക്കുവെടിവച്ചത്. കടുവ രക്ഷപ്പെട്ട് ഓടാനുള്ള സാധ്യത മുൻ നിർത്തി ഇവിടേക്കുള്ള റോഡുകളെല്ലാം പൊലീസ് അടച്ചിരുന്നു. പ്രദേശത്ത് പൊലീസ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. 

റബര്‍ ടാപ്പിങ്ങിനു പോയ പുളിമൂട്ടിൽ സിബി എന്ന യുവാവാണ് കടുവയെ കണ്ടത്. പന്നിയാംമലയിലെ കൃഷിയിടത്തിൽ ഇറങ്ങിയ കടുവയെ, കമ്പിവേലിയിൽ കുരുങ്ങിയ നിലയിലായിരുന്നു കണ്ടെത്തിയത്. വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിരുന്നു. തുടർന്ന് കടുവയെ മയക്കുവെടി വച്ച് പിടികൂടാൻ തീരുമാനിക്കുകയായിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!