ലാസ്റ്റ് ഗ്രേഡ് പരീക്ഷയുടെ പ്രാഥമിക ഘട്ടത്തിലും ആൾമാറാട്ടം നടന്നതായി പൊലീസ്

തിരുവനന്തപുരം: സര്‍വ്വകലാശാല ലാസ്റ്റ്‌ഗ്രേഡ് പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയ കേസില്‍ പിടിയിലായ സഹോദരങ്ങള്‍ ഇതേ പരീക്ഷയുടെ പ്രാഥമിക ഘട്ടത്തിലും സമാനമായ തട്ടിപ്പ് നടത്തിയിരുന്നതായി പൊലീസ്. പ്രിലിമിനറി പരീക്ഷയില്‍ അമല്‍ ജിത്തിന് വേണ്ടി പരീക്ഷ എഴുതിയത് സഹോദരന്‍ അഖില്‍ ജിത്തെന്ന് പൊലീസ് വ്യക്തമാക്കി.
പ്രതികളായ നേമം മണ്ണക്കല്‍ തേരി കൃഷ്ണഭവനില്‍ അമല്‍ജിത്ത്(31), സഹോദരന്‍ അഖില്‍ജിത്ത്(29) എന്നിവര്‍ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്. വെള്ളിയാഴ്ച വൈകീട്ട് തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയ ഇവരെ 23-ാം തീയതി വരെ കോടതി റിമാന്‍ഡ് ചെയ്തിരിക്കയായിരുന്നു. തുടര്‍ന്ന് ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡിയില്‍ വാങ്ങി.
അമല്‍ജിത്തിനുവേണ്ടി സഹോദരന്‍ അഖില്‍ജിത്താണ് ആള്‍മാറാട്ടം നടത്തിയത്. രണ്ടുദിവസമായി ഒളിവില്‍ കഴിയുകയായിരുന്ന പ്രതികള്‍ പോലീസിനെ വെട്ടിച്ചാണ് വെള്ളിയാഴ്ച വഞ്ചിയൂരിലെ കോടതിയിലെത്തി കീഴടങ്ങിയത്.
ഡിഗ്രി ജയിച്ചവര്‍ക്ക് ലാസ്റ്റ് ഗ്രേഡ് പരീക്ഷയ്ക്ക് അപേക്ഷിക്കാനാകില്ല. അമല്‍ജിത്തിന് ഡിഗ്രി യോഗ്യതയില്ല. എന്നാല്‍, അഖില്‍ജിത്ത് ഡിഗ്രി യോഗ്യതയുണ്ട്. ഇരുവരും ഒരുമിച്ചാണ് പി.എസ്.സി. പരീക്ഷയ്ക്കുള്ള പരിശീലനം നടത്തിയിരുന്നത്. ഉയര്‍ന്ന യോഗ്യതയുള്ള അഖില്‍ജിത്ത്, സഹോദരനുവേണ്ടി ആള്‍മാറാട്ടം നടത്തുകയായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തിയത്.
കേരള സര്‍വ്വകലാശാല ലാസ്റ്റ് ഗ്രേഡ് പരീക്ഷക്കിടെ പി.എസ്.സി വിജിലന്‍സ് വിഭാഗം ബയോ മെട്രിക് മെഷീനുമായി പരിശോധനക്കെത്തിയപ്പോഴാണ് ഒരു ഉദ്യോഗാര്‍ത്ഥി ഹാളില്‍ നിന്നും ഓടി രക്ഷപ്പെട്ടത്.
പരിശോധനാ യന്ത്രവുമായി ഉദ്യോഗസ്ഥന്‍ ക്ലാസുകളിലെത്തിയപ്പോള്‍ ആറാം നമ്പര്‍ മുറിയിലിരുന്ന ഉദ്യോഗാര്‍ഥിയായ ഇയാള്‍ ഹാള്‍ടിക്കറ്റുമായി പുറത്തേക്ക് ഓടുകയായിരുന്നു. സ്‌കൂള്‍ ഗേറ്റ് പൂട്ടിയിരുന്നതിനാല്‍ മതില്‍ ചാടിക്കടന്നാണ് ഇയാള്‍ പുറത്തെത്തിയത്.
നേമം സ്വദേശി അമല്‍ ജിത്തായിരുന്നു പരീക്ഷ എഴുതേണ്ടിയിരുന്നത്. മതില്‍ചാടിപ്പോയ ആളെ ഒരു ബൈക്കില്‍ കാത്തുനിന്നയാളാണ് കൊണ്ടുപോയത്. ഈ വാഹനവും അമല്‍ ജിത്തിന്റെതാണ്. അമല്‍ ജിത്തിനുവേണ്ടി മറ്റാരോ പരീക്ഷയെഴുതാന്‍ ശ്രമിച്ചതെന്നായിരുന്നു പൊലീസ് സംശയം. പരീക്ഷയെഴുതാനെത്തിയത് ആരാണെന്ന് ആദ്യം തിരിച്ചറിഞ്ഞില്ല. പിന്നീട് അമല്‍ജിത്തിന്റെ വീട്ടില്‍ പൊലീസ് പരിശോധന നടത്തിതോടെയാണ് സഹോദരങ്ങള്‍ നടത്തിയ ആള്‍മാറാട്ടമെന്ന് തെളിഞ്ഞത്.