കൊട്ടിയൂർ പന്നിയാംമലയിൽ കൃഷിയിടത്തിൽ കുടുങ്ങിയ കടുവയെ മയക്കുവെടി വെച്ചു

കൊട്ടിയൂർ: പന്നിയാംമലയിൽ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ കുടുങ്ങിയ കടുവയെ മയക്കുവെടി വെച്ച് കൂട്ടിലാക്കി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് വനംവകുപ്പിന്റെ ദൗത്യം വിജയിച്ചത്.
വെളുപ്പിന് നാലുമണിയോടെ റബർ ടാപ്പിങ്ങിനുപോയ പന്നിയാംമല സ്വദേശി കുന്നംപുറം സിബിയാണ് കടുവയെ കണ്ടത്. കടുവയെ കൊട്ടിയൂർ കണ്ടപ്പനം വനംവകുപ്പ് ഓഫീസിലേക്ക് മാറ്റി. ഡോക്ടർമാരുടെ പരിശോധനക്ക് ശേഷം തുടർനടപടികൾ സ്വീകരിക്കും.
കൃഷിയിടത്തിലെ കമ്പിവേലിയിലാണ് കടുവ കുടുങ്ങിയത്. കടുവ കമ്പി വേലിയിൽ നിന്നും രക്ഷപ്പെട്ട് പുറത്തേക്ക് ചാടാൻ സാധ്യതയുള്ളതിനാൽ പ്രദേശത്തേക്കുളള റോഡുകൾ അടച്ച ശേഷമാണ് കടുവയെ മയക്കുവെടി വെച്ചത്.
വനം വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി. കൊട്ടിയൂർ റെയിഞ്ച് മണത്തണ സെക്ഷൻ ഫോറസ്റ്റിന് പ്രദേശത്ത് നിരന്തരം വന്യജീവി ശല്യമുള്ള പ്രദേശത്താണ് സംഭവം.