ബൈക്ക് മോഷ്ടിച്ച് ആക്രിക്കടയിൽ വിറ്റ മൂന്ന് പേർ പിടിയിൽ

ആലത്തൂർ: അപകടത്തിൽ പെട്ട് ദേശീയ പാതയോരത്ത് കിടന്ന ബൈക്ക് മോഷ്ടിച്ച് ആക്രിക്കടയിൽ വിറ്റ മൂന്നുപേർ പിടിയിൽ. ആലത്തൂർ എരിമയൂർ കയറാടിയിൽ സന്തോഷ് (32), വടക്കഞ്ചേരി കണ്ണമ്പ്ര കാരേക്കാട് ഉമാശങ്കർ (38), എരിമയൂർ ചാത്തൻകോട് സതീഷ് (29) എന്നിവരെയാണ് ആലത്തൂർ പോലീസ് അറസ്റ്റ് ചെയ്തത്.
ഫെബ്രുവരി അഞ്ചിന് കാറുമായി കൂട്ടിയിടിച്ച് തകർന്ന ബൈക്ക് വാനൂരിൽ സംഭവ സ്ഥലത്ത് നിന്ന് പാതയോരത്തേക്ക് നീക്കിയിട്ടിരിക്കുകയായിരുന്നു. അപകടത്തിൽ ആർക്കും കാര്യമായ പരിക്കുണ്ടായിരുന്നില്ല. വെള്ളിയാഴ്ച രാവിലെ ബൈക്ക് വർക്ക്ഷോപ്പിലേക്ക് മാറ്റാൻ ഉടമ എത്തിയപ്പോഴാണ് കാണാതായ വിവരം അറിയുന്നത്. ആലത്തൂർ പോലീസിൽ ഇതുസംബന്ധിച്ച് പരാതി നൽകി.
സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിൽ ബൈക്ക് പെട്ടിഓട്ടോയിൽ കയറ്റി കൊണ്ടുപോയതായി സ്ഥിരീകരിച്ചു. ശനിയാഴ്ച രാവിലെ 11ന് കാവശ്ശേരി കഴനി ചുങ്കത്തെ ആക്രിക്കടയിൽ എത്തിച്ച് വിൽപ്പന നടത്തിയ ദൃശ്യവും ലഭിച്ചു. പെട്ടി ഓട്ടോയുടെ നമ്പരും മറ്റ് വിവരങ്ങളും ലഭിച്ചതോടെ ഞായറാഴ്ച രാവിലെ അറസ്റ്റ് ചെയ്തു.