എൻ.സി.പി നേതാവ് എ.എം. വിശ്വനാഥ് അന്തരിച്ചു

തലശേരി: എൻ.സി.പി.യുടെ മുതിർന്ന നേതാവും തലശേരി ബാറിലെ സീനിയർ അഭിഭാഷകനുമായ അഡ്വ. എ.എം. വിശ്വനാഥൻ (95) കർണാടകയിലെ ബൽഗാമിൽ അന്തരിച്ചു. ഒരു വർഷത്തിലേറെയായി ബൽഗാമിൽ മരുമകൾക്കൊപ്പമായിരുന്നു താമസം. മൃതദേഹം തിങ്കൾ രാത്രിയോടെ തിരുവങ്ങാട് മഞ്ഞോടിയിലെ വീട്ടിലെത്തിക്കും. സംസ്കാരം ചൊവ്വ പകൽ 11ന് തലശേരി കണ്ടിക്കൽ പൊതു ശ്മശാനത്തിൽ.
ഇന്ത്യൻ സോഷ്യലിസ്റ്റ് കോൺഗ്രസ് ദേശീയ സമിതി അംഗം, ബ്ലോക്ക് പ്രസിഡന്റ, എൻ.സി.പി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം, ഐ.എൻ.എൽ.സി സംസ്ഥാന പ്രസിഡന്റ്, ദേശീയ ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. അഖിലേന്ത്യ സമാധാന ഐക്യദാർഢ്യ സമിതിയുടെ ജില്ലാ വൈസ് പ്രസിഡന്റാണ്. തലശേരി കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് ചെയർമാൻ, വെയർഹൗസിംഗ് കോർപ്പറേഷൻ ഡയറക്ടർ, അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ തുടങ്ങിയ ഔദ്യോഗിക ചുമതലകളും വഹിച്ചു. അവിഭക്ത കോൺഗ്രസ് പാർട്ടിയിൽ കെപിസിസി അംഗം, കണ്ണൂർ ഡി.സി.സി എക്‌സിക്യൂട്ടീവംഗം ഐ.എൻ.ടി.യു.സി നേതാവ് എന്നീ നിലയിലും പ്രവർത്തിച്ചു. അവിവാഹിതനാണ്. സഹോദരങ്ങൾ പരേതരായ പ്രൊഫ: രാധ, ദേവദാസ്.