ബെംഗളൂരു നാഷണൽ ലോ സ്കൂളിൽ ത്രിവത്സര ഓണേഴ്‌സ് എൽ.എൽ.ബി

Share our post

ബെംഗളൂരു നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്‌സിറ്റി (എൻ.എൽ.എസ്.ഐ.യു.), 2024 ജൂലായ് ഒന്നിന് തുടങ്ങുന്ന ത്രിവത്സര എൽ.എൽ.ബി. (ഓണേഴ്‌സ്) പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

ഏതെങ്കിലും വിഷയത്തിൽ മൊത്തം 45 ശതമാനം മാർക്കോടെ (പട്ടിക, ഒ.ബി.സി. – എൻ.സി.എൽ., ഭിന്നശേഷി വിഭാഗക്കാർക്ക് 40 ശതമാനം) ബാച്ച്‌ലർ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. അന്തിമവർഷ വിദ്യാർഥികൾക്കും വ്യവസ്ഥകൾക്കുവിധേയമായി അപേക്ഷിക്കാം. പ്രവേശനത്തിന് പ്രായപരിധി ഇല്ല.

തിരഞ്ഞെടുപ്പ് മാർച്ച് 17-ന് ഓഫ്‌ലൈൻരീതിയിൽ അഖിലേന്ത്യാതലത്തിൽ നടത്തുന്ന, നാഷണൽ ലോ സ്കൂൾ അഡ്മിഷൻ ടെസ്റ്റ് (എൻ.എൽ.എസ്.എ.ടി.) അടിസ്ഥാനമാക്കിയാകും. പരീക്ഷാകേന്ദ്രങ്ങളുടെ പട്ടിക അപേക്ഷാപോർട്ടലിൽ കാണാം. പരീക്ഷയ്ക്ക് രണ്ടുഭാഗങ്ങൾ ഉണ്ടാകും. രണ്ടും നിർബന്ധമാണ്. മൊത്തം 75 മാർക്കുള്ള ആദ്യഭാഗത്ത്, കോംപ്രിഹൻഷൻ, കറന്റ് അഫയേഴ്‌സ്, ക്രിട്ടിക്കൽ റീസണിങ് എന്നിവയിൽ നിന്ന്‌ ഒരുമാർക്ക് വീതമുള്ള ഒബ്ജക്ടീവ് ടൈപ്പ് മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങൾ ഉണ്ടാകും.ഉത്തരം തെറ്റിക്കുകയോ, ഉത്തരം നൽകാതിരിക്കുകയോ ചെയ്താൽ നെഗറ്റീവ് മാർക്ക് (കാൽ മാർക്ക് വീതം) ഉണ്ട്.

രണ്ടാംഭാഗത്ത്, ലീഗൽ ആപ്റ്റിറ്റ്യൂഡ്/റീസണിങ് (60 മാർക്ക്), അനലറ്റിൽ എബിലിറ്റി (15 മാർക്ക്) എന്നിവയിൽനിന്നും വിവരണാത്മക രീതിയിൽ ഉത്തരം നൽകേണ്ട ചോദ്യങ്ങളായിരിക്കും. പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യുന്നവർക്ക്, മാതൃകാചോദ്യങ്ങൾ, ടെസ്റ്റിനുമുമ്പ് ലഭ്യമാക്കും.

ആദ്യഭാഗത്ത് പൂജ്യംമാർക്കിൽ കൂടുതൽ സ്കോർ നേടിയിരിക്കണമെന്ന വ്യവസ്ഥയ്ക്കു വിധേയമായി, പാർട് എ സ്കോർ പരിഗണിച്ച് നിശ്ചിത എണ്ണം പരീക്ഷാർഥികളുടെ പരീക്ഷയുടെ രണ്ടാംഭാഗം മൂല്യനിർണയത്തിനു വിധേയമാക്കും. രണ്ടുഭാഗങ്ങളിലും പൂജ്യംമാർക്കിൽ കൂടുതൽ ലഭിച്ചിരിക്കണമെന്ന വ്യവസ്ഥയ്ക്കുവിധേയമായി രണ്ടുഭാഗങ്ങളുടെയും മൊത്തംസ്കോർ പരിഗണിച്ച്, അന്തിമ റാങ്കുപട്ടിക തയ്യാറാക്കും.

മൊത്തം സ്കോർ, അർഹത നേടുന്ന പരീക്ഷാർഥികളുടെ 75-ാം പെർസന്റൈൽ സ്കോറിനു മുകളിലായിരിക്കണമെന്ന വ്യവസ്ഥയ്ക്കു വിധേയമായി (പട്ടിക, ഒ.ബി.സി. – എൻ.സി.എൽ., ഭിന്നശേഷി വിഭാഗക്കാരുടേത് 40-ാം പെർസന്റൈൽ സ്കോറിനു മുകളിലായിരിക്കണമെന്ന വ്യവസ്ഥ) റാങ്ക് പട്ടികയിൽ പരീക്ഷാർഥികളെ ഉൾപ്പെടുത്തും.

അപേക്ഷ admissions.nls.ac.in/ വഴി ഫെബ്രവരി 24-ന് രാത്രി 11.59 വരെ നൽകാം. സഹായങ്ങൾക്ക: nlsat.query@nls.ac.in


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!