കേളകം:കുടിയേറ്റക്കാലത്തെ കൂട്ടായ്മയെയും കാർഷിക സമൃദ്ധിയെയും ഓർമ്മിപ്പിച്ച് കണ്ണൂരിന്റെ മലയോരങ്ങൾ വീണ്ടും കപ്പവാട്ടലിന്റെ ഉത്സവഛായയിൽ.ഒരുകാലത്ത് മലയോര ജനതയുടെ പ്രധാന ഭക്ഷ്യവിഭവമായിരുന്നു കപ്പ. പട്ടിണിയുടെ കാലത്ത് കപ്പപ്പുഴുക്കും കട്ടൻ കാപ്പിയും കഴിച്ചാണ് കുടിയേറ്റ ജനത മണ്ണിൽ പൊന്നുവിളയിക്കാനിറങ്ങിയത്. പച്ചക്കപ്പയും വാട്ടുകയുമൊക്കെയായി മരച്ചീനിയാണ് അന്ന് കർഷകരുടെ വിശപ്പകറ്റിയിരുന്നത്.
കൊവിഡ് കാലത്തോടെയാണ് മലയോരത്ത് വീണ്ടും കപ്പയുടെ സമൃദ്ധി തിരികെയെത്തിയത്.കഴിഞ്ഞ ദിവസം കേളകം വെള്ളൂന്നിയിലെ ഇലവുങ്കൽ ചന്ദ്രന്റെ വീട്ടിൽ നടന്ന കപ്പവാട്ടലിൽ വീട്ടുകാരും അയൽവാസികളുമൊക്കെയായി 17 ഓളം പേരാണ് ഒത്തുചേർന്നത്.വെള്ളൂന്നിയിലെ ഇലവുങ്കൽ വിമല, ഷിൻസി കാരിക്കൊമ്പിൽ, ജിഷ വാളിയാങ്കൽ, ജിൻസി എന്നിവരുടെ നേതൃത്വത്തിൽ അരയേക്കർ സ്ഥലത്താണ് മരച്ചീനി കൃഷി ചെയ്തത്.നല്ല വിളവും കിട്ടി. പച്ചക്കപ്പ ദിവസേന കേളകം ടൗണിലെ കടകളിൽ എത്തിച്ചായിരുന്നു വില്പനയുടെ തുടക്കം. ഇത് നഷ്ടത്തിലായതോടെയാണ് കപ്പ വാട്ടാൻ തീരുമാനിച്ചത്.
പച്ച കപ്പയ്ക്ക് കിലോയ്ക്ക് 23 രൂപ കിട്ടുമ്പോൾ വാട്ടു കപ്പയ്ക്ക് 90 രൂപയാണ് വില. സീസൺ കഴിയുമ്പോൾ ഇതിലും ഉയരും.
ജൈവ രീതിയിൽ കൃഷി ചെയ്തതിനാൽ വാട്ടുകപ്പയ്ക്ക് നല്ല ഡിമാൻഡുണ്ടെന്നും വീട്ടുകാർ പറഞ്ഞു.
രാപകൽ അദ്ധ്വാനം, ആവേശം
തലേന്ന് രാത്രിയാണ് കപ്പ പറിച്ച് കൂട്ടിയിട്ടത്. പിറ്റേന്ന് രാവിലെ 6 മുതൽ കപ്പ അളന്ന് ചെത്തിയൊരുക്കൽ തുടങ്ങി.
ജെ.എൽ.ജി ഗ്രൂപ്പിലുള്ളവരോടൊപ്പം അരുന്ധതി ഇലവുങ്കൽ, ജാൻസി ഇടക്കുടിയിൽ, ബിജി വാളിയാങ്കൽ
എന്നിവർ ചേർന്ന് പുറന്തൊലി കളഞ്ഞു.തുടർന്ന് ചന്ദ്രനും അയൽവാസികളായ ശശിയും ജോൺസണും, പൊങ്ങംപാറ കുഞ്ഞുമോനും ചേർന്ന് കപ്പ കനം കുറച്ച് അരിഞ്ഞു കൂട്ടി.കൊല്ലംപറമ്പിൽ കുഞ്ഞുമോന്റെ നേതൃത്വത്തിലായിരുന്നു ഇതെല്ലാം.
ഉച്ചകഴിഞ്ഞ് മുറ്റത്ത് അടുപ്പ് കൂട്ടി വലിയ ചെമ്പിലായിരുന്നു കപ്പ വാട്ടിയത്. ഇളക്കുന്നതിന് പഴയ കാലത്തെ നയമ്പാണ് ഉപയോഗിച്ചത്.വെന്ത് പാകമായ കപ്പ വലിയ ചൂരൽ കുട്ടകളിലേക്ക് അരിപ്പത്തവികൊണ്ട് കോരിയിട്ടു. വെള്ളം വാർന്ന് ചൂട് പോയിക്കഴിഞ്ഞപ്പോൾ എല്ലാവരും ചേർന്ന് വാട്ടിയ കപ്പ ടെറസിന് മുകളിൽ ഉണങ്ങാനിട്ടു.വാട്ടിയ കപ്പ ദീർഘകാലം കേടുകൂടാതെയിരിക്കും. ഏഴ് ദിവസത്തെ വെയിൽ കൊണ്ടാൽ ഒരു വർഷത്തോളം കേടുകൂടാതെ സൂക്ഷിക്കാം. മൂന്ന് ക്വിന്റലിലേറെ വാട്ടുകപ്പയാണ് ഈ ഗ്രൂപ്പ് മാത്രം ഒരുക്കിയത്.
കൂട്ടായ്മയുടെ ആഘോഷം
പരസ്പരം സഹായിച്ചാണ് കപ്പ വാട്ടലിനെ മലയോരം ഉത്സവമാക്കി മാറ്റുന്നത്. കൂട്ടായ്മയോടെ ജോലി ചെയ്യുമ്പോഴുള്ള സന്തോഷം മാത്രമാണ് ഇവരുടെ പ്രതിഫലം.
ചെറുപ്പകാലത്ത് വീടുകളിലെല്ലാം എല്ലാ വർഷവും ഇതുപോലെ അയൽവാസികൾ ഒത്തു ചേർന്ന് കപ്പ വാട്ടി ഉണക്കി സൂക്ഷിക്കുമായിരുന്നു. പഴയ കാലത്തെ ജനങ്ങളുടെ കൂട്ടായ്മ തിരിച്ചു വന്നപ്പോഴുള്ള സന്തോഷം വളരെ വലുതാണ്.
വിമല ഇലവുങ്കൽ