പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്; ആരോഗ്യത്തിനും ജനക്ഷേമത്തിനും പ്രാധാന്യം

പേരാവൂർ: ആരോഗ്യ മേഖലക്കും ജനക്ഷേമത്തിനും സാമൂഹിക വികസനത്തിനും കൃഷിക്കും പ്രാധാന്യം നല്കി പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് . 70 കോടി അഞ്ച് ലക്ഷം രൂപ വരവും 70 കോടി രൂപ ചിലവും പ്രതീക്ഷിക്കുന്ന 2024-25 വാർഷിക ബജറ്റ് വൈസ്.പ്രസിഡൻറ് പ്രീത ദിനേശൻ അവതരിപ്പിച്ചു.
“ജലാഞ്ജലി നീരുറവ്” പദ്ധതിയിലൂടെ ജലം, മണ്ണ്, ജൈവ വൈവിധ്യം എന്നിവയുടെ സംരക്ഷണം, കൃഷിയിലൂടെ ജീവനോപാധി സൃഷ്ടിക്കൽ എന്നിവക്കും ബജറ്റ് പ്രാധാന്യം നൽകുന്നു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ 50.80 കോടി രൂപയുടെ പദ്ധതികൾക്കും തുക വകയിരുത്തി.
വെള്ളപൊക്കത്തിൽ തകർന്ന റോഡുകളുടെ പുനരുദ്ധാരണത്തിന് മൂന്ന് കോടി , മെച്ചപ്പെട്ട ചികിത്സ സേവനം ഉറപ്പാക്കാൻ പേരാവൂർ താലൂക്ക് ആസ്പത്രി വികസന പ്രവർത്തനങ്ങൾക്ക് 1.63 കോടി, ഭവനരഹിതർക്ക് 1.2 കോടി, ശുചിത്വ പരിപാലനത്തിന് 76.38 ലക്ഷം, ക്ഷീര മേഖലക്ക് 43 ലക്ഷം എന്നിവ വകയിരുത്തിയിട്ടുണ്ട്. വിവിധ റോഡുകളുടെ നിർമാണത്തിന് 43 ലക്ഷം, കാർഷിക മേഖലക്ക് 31.89 ലക്ഷം, പട്ടിക വർഗ മേഖലക്ക് 42.08 ലക്ഷം, ഭിന്നശേഷി വിഭാഗങ്ങൾക്ക് 32.79 ലക്ഷം, വനിതാ ശാക്തീകരണത്തിന് 15.54 ലക്ഷം, പട്ടിക ജാതി മേഖലക്ക് 19.85 ലക്ഷം, കുടിവെള്ള മേഖലക്ക് 40.37 ലക്ഷവും ഉൾപ്പെടെയുള്ള വികസന പ്രവൃത്തികളാണ് ബജറ്റിലുള്ളത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരൻ അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷരായ മൈഥിലി രമണൻ, പ്രേമി പ്രേമൻ, എ.ടി.കെ. മുഹമ്മദ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ആർ. സജീവൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ബൈജു വർഗീസ് തുടങ്ങിയവർ സംസാരിച്ചു.
പഞ്ചായത്ത് പ്രസിഡന്റുമാരായ സി.ടി. അനീഷ്, പി.പി. വേണുഗോപാലൻ, ടി. ബിന്ദു, എം. റിജി എന്നിവർ സംബന്ധിച്ചു.