രക്ഷകരായി വനംവകുപ്പ്; ജീവൻതിരികെക്കിട്ടിയത് പത്ത് പരുന്തുകൾക്ക്

തലശ്ശേരി : മേലൂർ കോളാട് പാലത്തിന് സമീപം ചെമ്മീൻകെട്ടിൽ നൈലോൺ നൂലുകൾകൊണ്ടുള്ള കുരുക്കിൽ കുടുങ്ങിയ പത്ത് പരുന്തുകളെ വനംവകുപ്പ് രക്ഷിച്ചു. ഇരതേടിയെത്തിയപ്പോഴാണ് പരുന്തുകൾ നൈലോൺ നൂൽ കുരുക്കിൽപ്പെട്ടത്.
ചെമ്മിൻകെട്ടിൽ തോണിയിൽ പോയി നൈലോൺ നൂൽ മുറിച്ചുമാറ്റി പരുന്തുക്കള കരയ്ക്കെത്തിച്ചു. അതിനുശേഷം തൂവലിലെ ഉപ്പ് നീക്കാൻ വെള്ളമുപയോഗിച്ച് കഴുകി. ഉപ്പുവെള്ളത്തിൽ മുങ്ങിയതിനാൽ പറക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. തൂവലുകൾ ഉണങ്ങിയ ശേഷം വെള്ളം കുടിച്ച് പരുന്തുകൾ കൂട്ടത്തോടെ പറന്നുപോയി.
ചക്കിപ്പരുന്തും കൃഷ്ണപ്പരുന്തുമാണ് കുരുക്കിൽ കുടുങ്ങിയത്. ചെമ്മീൻകെട്ടിൽ നൈലോൺ നൂലിൽ നീർക്കാക്കകൾ കുടുങ്ങാറുണ്ട്. കൂട്ടത്തോടെ പരുന്തുകൾ കുടുങ്ങുന്നത് ആദ്യമാണെന്ന് നാട്ടുകാർ പറഞ്ഞു. ചെമ്മീൻകെട്ടിൽ പരുന്തുകൾ കുരുങ്ങിയത് കണ്ട് വഴിയാത്രക്കാരാണ് വിവരം വനംവകുപ്പിനെ അറിയിച്ചത്.
ബീറ്റ് ഫോറസ്റ്റ് ഓഫീസർ എം.ജിതിൻ, റസ്ക്യൂവർ ബിജിലേഷ് കോടിയേരി വനംവകുപ്പ് ഉദ്യോഗസ്ഥരായ എം.സയന, കെ.കെ.രമ്യ എന്നിവരുടെ നേതൃത്വത്തിലാണ് പരുന്തുകളെ രക്ഷിച്ചത്.