ചെരുപ്പുകുത്തൽ തൊഴിലാളികൾ തമ്മിൽ തർക്കം; ഒരാൾക്ക് കുത്തേറ്റു
കണ്ണൂർ: ചെരുപ്പുകുത്തുന്ന പെട്ടിയുടെ ഫ്ലക്സ് കീറിയെന്ന ആരോപണത്തിൽ ചെരുപ്പുകുത്തൽ തൊഴിലാളികൾ തമ്മിൽ തർക്കം. കത്തിക്കുത്തിൽ ഒരാൾക്ക് ഗുരുതര പരിക്കേറ്റു. ചെറുപുഴ സ്വദേശി ഷൈജുവിനാണ് കുത്തേറ്റത്. കഴിഞ്ഞദിവസം രാത്രി 9.40 ഓടെ യോഗശാലയിൽ വച്ചാണ് സംഭവം.
കണ്ണൂർ നഗരത്തിൽ ജോലി ചെയ്യുന്ന ഷൈജു, രാജീവൻ എന്നയാളുടെ ചെരുപ്പുകുത്തുന്ന പെട്ടിയുടെ ഫ്ലക്സ് കീറിയെന്നാരോപിച്ച് തർക്കമുണ്ടായിരുന്നു. തർക്കത്തിനിടെ രാജീവൻ കത്തി ഉപയോഗിച്ച് കഴുത്തിന് നേരേ വീശുകയും അക്രമത്തിൽ ഷൈജുവിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
സംഘർഷത്തിൽ രാജീവന്റെ പുറത്തും കത്തികൊണ്ട് മുറിവേറ്റതായി പറയുന്നു. ഇരുവരും പരിയാരം ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഷൈജുവിന്റെ പരാതിയിൽ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു.