വയനാട് എയര്‍സ്ട്രിപ്പ് ടെന്‍ഡര്‍ തുറന്നു; ചുമതല കെ- റെയിലിന്

Share our post

വയനാട്: എയര്‍സ്ട്രിപ്പിനായി പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി ഏജന്‍സിയെ കണ്ടെത്താനുള്ള ടെന്‍ഡര്‍ തുറന്നു. കെ-റെയിലിനാണ് (കേരള റെയില്‍ ഡിവലപ്‌മെന്റ് കോര്‍പ്പറേഷന്‍) ഏജന്‍സിയെ കണ്ടെത്തുന്നതിനുള്ള ചുമതല. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയതിനു ശേഷം ഉടനെ ഏജന്‍സിയെ പ്രഖ്യാപിക്കുമെന്ന് കെ-റെയില്‍ അധികൃതര്‍ പറഞ്ഞു.

ഗതാഗതവകുപ്പാണ് അനുയോജ്യമായ ഏജന്‍സിയെ കണ്ടെത്തുന്നതിനായി കെ-റെയിലിന് ചുമതല നല്‍കിയത്. ഏജന്‍സിയെ തീരുമാനിച്ചാല്‍ ഇവര്‍ അനുയോജ്യമായ സ്ഥലങ്ങളില്‍ സാധ്യതാപഠനം നടത്തി റിപ്പോര്‍ട്ട് ഗതാഗതവകുപ്പിന് സമര്‍പ്പിക്കും. ഇതിനു ശേഷമായിരിക്കും എയര്‍സ്ട്രിപ്പിന്റെ നിര്‍മാണം തുടങ്ങുക.

സംസ്ഥാന ബജറ്റില്‍ 1.17 കോടിരൂപ പദ്ധതിക്കുവേണ്ടി അനുവദിച്ചിരുന്നു. കഴിഞ്ഞ ബജറ്റിലും സാധ്യതാപഠനത്തിനും ഡി.പി.ആര്‍. (വിശദപദ്ധതിരേഖ) തയ്യാറാക്കുന്നതിനുമായി 4.51 കോടിരൂപ അനുവദിച്ചിരുന്നു. തുടര്‍ച്ചയായി ബജറ്റുകളില്‍ തുകകൂടി വകയിരുത്തിയതോടെ ജനങ്ങളും പ്രതീക്ഷയിലാണ്.

എയര്‍സ്ട്രിപ്പിനായി മുമ്പ് കല്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റ് അടക്കമുള്ള സ്ഥലങ്ങള്‍ പരിഗണിക്കുകയും വിദഗ്ധ സംഘം പരിശോധിക്കുകയും ചെയ്തിരുന്നു. എന്നാല്‍, സ്ഥലം തൃപ്തികരമായിരുന്നില്ല. തുടര്‍ന്ന് കളക്ടറോട് അനുയോജ്യമായ മറ്റു സ്ഥലങ്ങള്‍ കണ്ടെത്താന്‍ നിര്‍ദേശിച്ചിരുന്നു. കല്പറ്റ, ബത്തേരി താലൂക്കുകളിലായുള്ള സ്ഥലമാണ് പദ്ധതിക്കായി പരിഗണിക്കുന്നത്. കണ്ണൂര്‍ മട്ടന്നൂര്‍ വിമാനത്താവളവുമായി ആകാശദൂരം കുറവായതിനാല്‍ മാനന്തവാടി താലൂക്ക് പരിഗണനയില്‍ ഇല്ല.

എയര്‍സ്ട്രിപ്പ് യാഥാര്‍ഥ്യമായാല്‍ ജില്ലയിലെ യാത്രാദുരിതത്തിനും ടൂറിസം വികസനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കും മുതല്‍ക്കൂട്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ ഏജന്‍സിയെ നിശ്ചയിക്കുന്നതോടെ പദ്ധതിപ്രവര്‍ത്തനം വേഗത്തിലാകുമെന്നും കെ-റെയില്‍ അധികൃതര്‍ പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!