ഗൂഗിള്‍ ക്രോം ഒഎസില്‍ ഗുരുതരമായ സുരക്ഷാ പ്രശ്‌നങ്ങളുണ്ടെന്നറിയിച്ച് ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജെന്‍സി റെസ്‌പോണ്‍സ് ടീം (സേര്‍ട്ട്-ഇന്‍). ഫെബ്രുവരി എട്ടിനാണ് ഇത് സംബന്ധിച്ച സുരക്ഷാ മുന്നറിയിപ്പ് ഇന്ത്യയുടെ ഐടി സുരക്ഷാ ഏജന്‍സിയായ സേര്‍ട്ട്-ഇന്‍ പുറത്തിറക്കിയത്. ഗൂഗിള്‍ ക്രോം ഒഎസ് 114.0.5735.350 (പ്ലാറ്റ്‌ഫോം വേര്‍ഷന്‍ 15437.90.0) മുമ്പുള്ള പതിപ്പ് ഉപയോഗിക്കുന്നവര്‍ക്കാണ് ഭീഷണി.
ഒരു ഹാക്കർക്ക് ക്രോമിലെ സുരക്ഷാ വീഴ്ചകള്‍ ദുരുപയോഗം ചെയ്ത് ഉപഭോക്താവിന്റെ കംപ്യൂട്ടറില്‍ കോഡുകള്‍ പ്രവര്‍ത്തിപ്പിക്കാനും സുരക്ഷാ സംവിധാനങ്ങളെ മറികടക്കാനും ഉപകരണത്തിന്റെ നിയന്ത്രണം കൈക്കലാക്കാനും സാധിക്കുമെന്ന് സേര്‍ട്ട് ഇന്‍ പറയുന്നു.
സൈഡ് പാനല്‍ സെര്‍ച്ച് ഫീച്ചറിലെ മെമ്മറി പ്രശ്‌നങ്ങള്‍, എക്‌സ്റ്റെന്‍ഷനുകളുടെ ഡാറ്റ ഇന്‍പുട്ട് വാലിഡേറ്റ് ചെയ്യുന്നതിലെ പോരായ്മകള്‍ എന്നിവയാണ് പ്രധാന പ്രശ്‌നങ്ങള്‍. ഇത് ദുരുപയോഗം ചെയ്ത് ആര്‍ബിട്രറി കോഡുകള്‍ ഉപകരണത്തില്‍ പ്രവര്‍ത്തിപ്പിച്ച് നിയന്ത്രണം കൈക്കലാക്കാന്‍ ഹാക്കര്‍മാര്‍ക്ക് സാധിക്കും. ഗൂഗിള്‍ ക്രോം ബുക്കുകളില്‍ ഉപയോഗിക്കുന്ന ലിനക്‌സ് കെര്‍നല്‍ അധിഷ്ഠിത ഓപ്പറേറ്റിങ് സിസ്റ്റമാണ് ക്രോം ഓഎസ്.
എങ്ങനെ സുരക്ഷിതരാക്കാം
ഗൂഗിള്‍ക്രോം എത്രയും വേഗം അപ്‌ഡേറ്റ് ചെയ്യാന്‍ സേര്‍ട്ട്ഇന്‍ ആവശ്യപ്പെടുന്നു. ഗൂഗിള്‍ ക്രോം ഓഎസ് 114.0.5735.350 അതിന് ശേഷമോ ഉള്ള വേര്‍ഷനിലേക്ക് എല്‍ടിഎസ് ചാനലില്‍ അപ്‌ഡേറ്റ് ചെയ്യണം. ഈ അപ്‌ഡേറ്റുകളില്‍ കണ്ടെത്തിയ സുരക്ഷാ വീഴ്ചകള്‍ പരിഹരിച്ചിട്ടുണ്ട്. അപരിചിതമായ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ശ്രദ്ധിക്കാനും മികച്ച ആന്റി വൈറസ് സോഫ്റ്റ് വെയറുകള്‍ ഉപയോഗിക്കാനും സേര്‍ട്ട് ഇന്‍ ആവശ്യപ്പെടുന്നു.
അതേസമയം, ഉപകരണങ്ങളെ ബാധിക്കുകയും സുരക്ഷയില്‍ വിട്ടുവീഴ്ച വരുത്തുകയും ചെയ്യുന്ന ബോട്ട്നെറ്റുകളില്‍ നിന്ന് സൈബര്‍സ്പേസ് സുരക്ഷിതമാക്കി രാജ്യത്തിന്റെ ഡിജിറ്റല്‍ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ 2024 ഫെബ്രുവരി ഒന്ന് മുതല്‍ 15 വരെ സേര്‍ട്ട് ഇന്‍ ‘സൈബര്‍ സ്വച്ഛത ഫോര്‍ട്ട്‌നൈറ്റ്’ ആചരിക്കുകയാണ്.
ഇതിന് വേണ്ടി ‘സൈബര്‍ സ്വച്ഛതാ കേന്ദ്രവും’ സേര്‍ട്ട് ഇന്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇതുവഴി ലാപ്‌ടോപ്പുകള്‍ക്കും ഡെസ്‌ക്ടോപ്പുകള്‍ക്കും സ്മാര്‍ട്‌ഫോണുകള്‍ക്കും വേണ്ടിയുള്ള ‘ഇസ്‌കാന്‍ ബോട്ട്‌നെറ്റ് സ്‌കാനിങ് ആന്റ് ക്ലീനിങ് കിറ്റ് ‘ ഏജന്‍സി വാഗ്ദാനം ചെയ്യുന്നു. സൈബര്‍ സുരക്ഷാ സ്ഥാപനമായ ഇസ്‌കാനുമായി സഹകരിച്ചാണ് ഈ ടൂള്‍ കിറ്റ് വികസിപ്പിച്ചത്. ഈ ടൂള്‍ ഉപയോഗിച്ച് ഉപകരണങ്ങള്‍ സ്‌കാന്‍ ചെയ്ത് സുരക്ഷ ഉറപ്പുവരുത്താന്‍ വ്യക്തികള്‍ക്ക് സാധിക്കും.