കേരളത്തിൽ 226 പേർക്ക് റിലയൻസ് ഫൗണ്ടേഷൻ യുജി സ്കോളർഷിപ്പ്

Share our post

കൊച്ചി/മുംബൈ:റിലയൻസ് ഫൗണ്ടേഷൻ അണ്ടർഗ്രാജുവേറ്റ് സ്‌കോളർഷിപ്പുകൾക്കായി രാജ്യവ്യാപകമായ അപേക്ഷകളിൽനിന്ന് അയ്യായിരം വിദ്യാർത്ഥികളെ തിരഞ്ഞെടുത്തു. കേരളത്തിൽ നിന്ന് അപേക്ഷിച്ച 226 പേർക്ക് സ്‌കോളർഷിപ്പ് ലഭിച്ചു. ഉന്നതവിദ്യാഭ്യാസത്തിനായുള്ള ഇന്ത്യയിലെ ഏറ്റവും വലുതും വൈവിധ്യപൂർണ്ണവുമായ സ്കോളർഷിപ്പ് സംരംഭങ്ങളിലൊന്നാണ് റിലയൻസ് ഫൗണ്ടേഷൻ യൂജി സ്‌കോളർഷിപ്പ്. ബിരുദ വിദ്യാർത്ഥികൾക്ക് 2 ലക്ഷം രൂപ വരെ ഗ്രാൻ്റ് നൽകുകായും ഒപ്പം അതിൻ്റെ പൂർവ്വ വിദ്യാർത്ഥി ശൃംഖലയുടെ ഭാഗമാകാനുള്ള അവസരവും സ്കോളര്‍ഷിപ്പ് നൽകുന്നു.

ഇന്ത്യയിലെ 35 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 5,500 ലധികം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന 58,000 വിദ്യാർത്ഥികളാണ് സ്കോളർഷിപ്പിന് അപേക്ഷിച്ചത്. ചിട്ടയായ യോഗ്യത മൂല്യനിർണയ പ്രക്രിയയിലൂടെയാണ് അന്തിമ 5000 പേരെ തിരഞ്ഞെടുത്തത്. അഭിരുചി പരീക്ഷയിലെ പ്രകടനവും അവരുടെ 12ാം ക്ലാസിലെ മാർക്കും അടിസ്ഥാനമായി തിരഞ്ഞെടുത്ത 75% വിദ്യാർത്ഥികളുടെയും വാർഷിക കുടുംബ വരുമാനം 2.5 ലക്ഷം രൂപയിൽ താഴെയാണ്.

ഫലം അറിയാൻ, അപേക്ഷകർക്ക് www.reliancefoundation.org എന്ന വെബ്‌സൈറ്റ് സന്ദർശിക്കാവുന്നതാണ്.

വിദ്യാർത്ഥികളെയും അവരുടെ സമൂഹത്തെയും ഉയർത്താനും ഇന്ത്യയുടെ ഭാവി സാമൂഹിക-സാമ്പത്തിക വികസനത്തിന് സംഭാവന നൽകാനും ഏത് പഠന സ്ട്രീമിലും വിദ്യാർത്ഥികളെ പിന്തുണയ്ക്കാൻ റിലയൻസ് ഫൗണ്ടേഷൻ ബിരുദ സ്കോളർഷിപ്പുകൾ ലക്ഷ്യമിടുന്നു. ഇത് വിദ്യാർത്ഥികളെ സാമ്പത്തിക ബാധ്യതയില്ലാതെ ബിരുദ പഠനം തുടരാൻ പ്രാപ്തരാക്കുകയും ചെയ്യുന്നു.വിദ്യാഭ്യാസം, മികവ്, നവീകരണം എന്നിവയ്‌ക്കായുള്ള സമഗ്രമായ കാഴ്ചപ്പാടിൻ്റെ ഭാഗമായി, റിലയൻസ് ഫൗണ്ടേഷൻ ഇന്നുവരെ, 23,136 വിദ്യാർത്ഥികളുടെ സ്കോളർഷിപ്പുകൾ നൽകിയിട്ടുണ്ട്. അതിൽ 48% പെൺകുട്ടികളും 3,001 പേർ വികലാംഗ വിദ്യാർത്ഥികളുമാണ്.

1996 മുതൽ റിലയൻസ് സ്കോളർഷിപ്പുകൾ നൽകുന്നുണ്ട്. 2022 ഡിസംബറിൽ, ശ്രീ ധീരുഭായ് അംബാനിയുടെ 90-ാം ജന്മവാർഷിക വേളയിൽ, യുവാക്കളെ ശാക്തീകരിക്കാനുള്ള തന്റെ കാഴ്ചപ്പാടിന്റെ ഭാഗമായി അടുത്ത 10 വർഷത്തിനുള്ളിൽ 50,000 വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പുകൾ നൽകുമെന്ന് റിലയൻസ് ഫൗണ്ടേഷന്റെ സ്ഥാപകയും ചെയർപേഴ്സണുമായ ശ്രീമതി നിത അംബാനി പ്രഖ്യാപിച്ചിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!