വില 1100, 8 നിറങ്ങളിൽ ലഭ്യം; ‘ഖാദി കൂൾ പാന്റ്സു’മായി ഖാദി കേന്ദ്രം

Share our post

കണ്ണൂർ‌ : വേനലിൽ ആശ്വാസം പകരാൻ ഖാദി കൂൾ പാന്റ്സുമായി പയ്യന്നൂർ ഖാദികേന്ദ്രം. 1100 രൂപയാണ് പാന്റ്സിന്റെ വില. 8 നിറങ്ങളിൽ പാന്റ് ലഭ്യമാണ്. പാന്റ്സ് ഉൾപ്പെടെയുള്ള എല്ലാ ഖാദി ഉൽപന്നങ്ങൾക്കും ഇന്നുമുതൽ 14 വരെ 30 ശതമാനം റിബേറ്റ് ലഭിക്കും. പാന്റ്സിന്റെ ജില്ലാതല ലോഞ്ചിങ് കണ്ണൂർ ഖാദി ഗ്രാമ സൗഭാഗ്യയിൽ കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് വൈസ് ചെയർമാൻ പി.ജയരാജൻ നിർവഹിച്ചു.

പാന്റ് ലോഞ്ച് ചെയ്തതിന്റെ ഭാഗമായി നടത്തുന്ന സർവ്വോദയ പക്ഷം ഖാദി റിബേറ്റ് മേളയുടെ ഉദ്‌ഘാടനവും ഓട്ടോ തൊഴിലാളികൾക്കുള്ള യൂണിഫോം വിതരണവും അദ്ദേഹം നിർവഹിച്ചു. ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫിസ്, പയ്യന്നൂർ ഖാദി കേന്ദ്രം എന്നിവയുടെ നേതൃത്വത്തിലാണ് മേള നടത്തുന്നത്.

അസിസ്റ്റന്റ് കലക്ടർ അനൂപ് ഗാർഖ് ആദ്യ വിൽപന ഉദ്ഘാടനം ചെയ്തു. 2023 ഓണം മേളയോടനുബന്ധിച്ച് നടത്തിയ മെഗാ നറുക്കെടുപ്പിൽ ജില്ലാതലത്തിൽ വിജയിച്ചവർക്കുള്ള സ്വർണ നാണയവും ഖാദിയുടെ പ്രചാരണാർഥം നടത്തിയ മത്സരത്തിൽ വിജയിച്ചവർക്കുള്ള ഉപഹാരവും ചടങ്ങിൽ നൽകി.

കോർപറേഷൻ സ്ഥിരംസമിതി അധ്യക്ഷൻ സുരേഷ് ബാബു എളയാവൂർ അധ്യക്ഷത വഹിച്ചു. പയ്യന്നൂർ ഖാദി കേന്ദ്രം ഡയറക്ടർ കെ.വി.രാജേഷ്, കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് ഡയറക്ടർ കെ.വി.ഗിരീഷ് കുമാർ, ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫിസ് പ്രൊജക്ട് ഓഫിസർ കെ.ജിഷ, കെ.പി. സുരേന്ദ്രൻ, എൻ.സുരേന്ദ്രൻ, എൻ.കെ.രത്നേഷ്, എൻ.ടി.ഫലീൽ, എം.നാരായണൻ, പി.മുകേഷ്, എ.സുരേന്ദ്രൻ എന്നിവർ‌ പ്രസംഗിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!