വാട്‌സാപ്പില്‍ നിന്ന് ടെലഗ്രാമിലേക്കും, ഐമെസേജിലേക്കും മെസേജിങ്, മാര്‍ച്ചില്‍ എന്ത് സംഭവിക്കും

Share our post

ഒരു മെസേജിങ് ആപ്പില്‍ നിന്ന് മറ്റൊരു മെസേജിങ് ആപ്പിലേക്ക് സന്ദേശം അയക്കാന്‍ സാധിക്കുന്ന ക്രോസ്പ് പ്ലാറ്റ്‌ഫോം മെസേജിങ്ങ് സംവിധാനം അവതരിപ്പിക്കാനുള്ള നീക്കവുമായി വാട്‌സാപ്പ്. 2024 മാര്‍ച്ചില്‍ യൂറോപ്യന്‍ യൂണിയനില്‍ പുതിയ നിയമങ്ങള്‍ അവതരിപ്പിക്കുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കം. ഇതുവഴി വാട്‌സാപ്പില്‍ നിന്ന് മറ്റ് മെസേജിങ് ആപ്പുകളിലേക്കും അവയില്‍ നിന്ന് വാട്‌സാപ്പിലേക്കും സന്ദേശങ്ങള്‍ കൈമാറാന്‍ സാധിക്കും.

ഈ സംവിധാനം പക്ഷെ യൂറോപ്യന്‍ യൂണിയനില്‍ മാത്രമായിരിക്കും ലഭിക്കുക. ഇത് നിലവില്‍ വരുന്നതോടെ വാട്‌സാപ്പ് ഉപഭോക്താക്കള്‍ക്ക് ടെലഗ്രാമിലേക്കും സിഗ്നലിലേക്കും ഐമെസേജ് ആപ്പിലേക്കുമെല്ലാം സന്ദേശങ്ങള്‍ അയക്കാനാവും.

ടെക്സ്റ്റ്, ചിത്രങ്ങള്‍, വോയ്‌സ്, ഫയലുകള്‍ ഉള്‍പ്പടെയുള്ളവ ഒരു ആപ്പില്‍ നിന്ന് മറ്റൊരു ആപ്പിലേക്ക് ക്രോസ്പ്ലാറ്റ്‌ഫോം മെസേജിങിലൂടെ കൈമാറാനാവും. എന്നാല്‍ സിഗ്നല്‍ പ്രോട്ടോക്കോള്‍ പിന്തുടരുന്ന ആപ്പുകളിലേക്ക് മാത്രമേ തങ്ങള്‍ ക്രോസ്പ്ലാറ്റ്‌ഫോം മെസേജിങ് പിന്തുണയ്ക്കുകയുള്ളൂ എന്നാണ് വാട്‌സാപ്പിന്റെ നിലപാട്.

വ്യത്യസ്ത എന്‍ക്രിപ്ഷന്‍ പ്രോട്ടോകോളുകള്‍ ഉപയോഗിക്കാന്‍ വാട്‌സാപ്പിന്റെ മാതൃസ്ഥാപനമായ മെറ്റ തയ്യാറാണ്. എന്നാല്‍ തങ്ങളുടെ സുരക്ഷാ മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുന്നവയായിരിക്കണം അവ എന്ന നിലപാടാണ് കമ്പനിയ്ക്ക്. എന്തായാലും മറ്റ് മെസേജിങ് ആപ്പുകളില്‍ നിന്നെത്തുന്ന സന്ദേശങ്ങള്‍ക്കായി പ്രത്യേകം വിഭാഗമോ, ടാബോ വാട്‌സാപ്പില്‍ പുതിയതായി ഉള്‍പ്പെടുത്തിയേക്കും.

എന്തായാലും വിഷയത്തില്‍ വാട്‌സാപ്പ് സന്നദ്ധത അറിയിച്ചു കഴിഞ്ഞു. ഈ സംവിധാനം യൂറോപ്പില്‍ മാത്രമായിരിക്കുമോ അവതരിപ്പിക്കുക? ഇക്കാര്യത്തില്‍ വ്യക്തതയില്ല. ജനങ്ങള്‍ക്കിടിയില്‍ സ്വീകാര്യത നേടാനായാല്‍ ഫീച്ചര്‍ ഇന്ത്യയുള്‍പ്പടെ കൂടുതല്‍ രാജ്യങ്ങളിലേക്ക് അവതരിപ്പിക്കാനിടയുണ്ട്. എന്തായാലും ഇതോടെ ഒന്നിലധികം മെസേജിങ് ആപ്പുകൾ ആളുകൾക്ക് ഇൻസ്റ്റാൾ ചെയ്യേണ്ടിവരില്ല.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!