ബിരുദവിദ്യാർഥികൾക്ക് ഇന്റേൺഷിപ്പ്: മാർഗനിർദേശവുമായി യു.ജി.സി

Share our post

തൃശ്ശൂർ:ബിരുദതലത്തിൽ നടപ്പാക്കുന്ന ഇന്റേൺഷിപ്പ് സംബന്ധിച്ച വിശദ മാർഗരേഖ യു.ജി.സി. പ്രസിദ്ധീകരിച്ചു. തൊഴിൽ നൈപുണിയും ഗവേഷണാഭിരുചിയും വളർത്തുകയെന്നതാണ് ലക്ഷ്യം. നിലവിൽ സ്വയംഭരണ കോളേജുകളിലും മറ്റുമാണ് ഇത്തരത്തിൽ ഇന്റേൺഷിപ്പുള്ളത്.

നാലുവർഷ കോഴ്‌സുകൾക്കും മൂന്നുവർഷ കോഴ്‌സുകൾക്കും പ്രത്യേകം നിർദേശങ്ങളുണ്ട്. 120 മുതൽ 160 വരെ ക്രെഡിറ്റുകളുള്ള കോഴ്‌സുകളിൽ രണ്ടുമുതൽ നാലു ക്രെഡിറ്റുവരെയാണ് ഇന്റേൺഷിപ്പിന് കിട്ടുക. എല്ലാ വിദ്യാർഥികൾക്കും നാലാം സെമസ്റ്റർ കഴിഞ്ഞ് 60 മുതൽ 120 മണിക്കൂർ ദൈർഘ്യമുള്ള പരിശീലനമാണ് നടത്തേണ്ടത്.നാലുവർഷ റിസർച്ച് ഓണേഴ്‌സ് കോഴ്സുകാർക്ക് എട്ടാം സെമസ്റ്റർ പൂർണമായും ഇന്റേൺഷിപ്പിനായി മാറ്റിവെച്ചിട്ടുണ്ട്. ഇതിന് ആകെ 20 ക്രെഡിറ്റുകളാണ് അനുവദിക്കുക.

പ്രധാന നിർദേശങ്ങൾ

• കോളേജുകളിലെ ഗവേഷണ-വികസന കേന്ദ്രങ്ങൾക്കാണ് മുഖ്യ ചുമതല. ഓരോ വിഷയത്തിനും അനുയോജ്യമായ മേഖലകൾ തിരഞ്ഞെടുക്കേണ്ടതും ഇവരാണ്.

• ഓരോ കോളേജിനും സർവകലാശാലകൾക്കും ഒരു ഇന്റേൺഷിപ്പ് കോ-ഓർഡിനേറ്റർ വേണം. വിദ്യാർഥികളുടെ ആവശ്യത്തിനുതകുന്ന വിധത്തിൽ പദ്ധതി നടപ്പാക്കാനുള്ള ഉത്തരവാദിത്വം ഇവർക്കായിരിക്കും.

• പരിശീലനസാധ്യതകളുള്ള സ്ഥാപനങ്ങളുമായി ധാരണാപത്രത്തിലേർപ്പെടണം. ഇതിനായി പ്രദേശത്ത് വിശദമായ സർവേ നടത്തി സാധ്യതകൾ കണ്ടുപിടിക്കണം.

• വ്യാപാരം, കൃഷി, സാമ്പത്തികം, ബാങ്കിങ്, ലോജിസ്റ്റിക്സ്, ഓട്ടോമോട്ടീവ്, ചില്ലറ വ്യാപാരം, ഐ.ടി.- ഇലക്‌ട്രോണിക്സ്, കരകൗശലം, കല, ഡിസൈൻ, സംഗീതം, ആരോഗ്യപരിപാലനം, സ്പോർട്സ്‌, വെൽനെസ്, ടൂറിസം-ഹോസ്പിറ്റാലിറ്റി, ഡിജിറ്റൈസേഷൻ, നിർമിതബുദ്ധി തുടങ്ങിയ പുതിയ സങ്കേതങ്ങൾ, നിയമസഹായം, വിനിമയം, വിദ്യാഭ്യാസം, സുസ്ഥിരവികസനം, പരിസ്ഥിതി, വാണിജ്യം, ചെറുകിട-സൂക്ഷ്മ വ്യവസായം തുടങ്ങിയ വിഷയങ്ങളാണ് മാർഗരേഖയിൽ എടുത്തുപറയുന്നത്. ഇതിനുപുറമേയുള്ള മേഖലകൾ സ്ഥാപനങ്ങൾക്ക് നേരിലും കണ്ടെത്താവുന്നതാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!