കുണ്ടേരിപ്പൊയിൽ പാലം ഉദ്ഘാടനം 20-ന്

മാലൂർ : മാലൂർ-ചിറ്റാരിപ്പറമ്പ് പഞ്ചായത്തുകൾ അതിർത്തി പങ്കിടുന്ന കുണ്ടേരിപ്പൊയിൽ പുഴയിൽ നിർമിച്ച പാലം 20-ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും രാവിലെ 11-ന് നടക്കുന്ന ചടങ്ങിൽ കെ.കെ. ശൈലജ എം.എൽ.എ. അധ്യക്ഷത വഹിക്കും.
പാലം വേണമെന്നത് മാലൂർ, ചിറ്റാരിപ്പറമ്പ് പഞ്ചായത്തുകളിലെ ജനങ്ങളുടെ വർഷങ്ങളായുള്ള ആവശ്യമായിരുന്നു. അതാണിപ്പോൾ പൂവണിഞ്ഞത്. 4.94 കോടി രൂപ ചെലവിട്ടാണ് പാലം നിർമിച്ചത്. 60 മീറ്റർ നീളവും 10 മീറ്റർ വീതിയുള്ള പാലത്തിന് ഒന്നര മീറ്റർ വീതിയിൽ നടപ്പാതയുണ്ട്.
പാലം വന്നതോടെ ചിറ്റാരിപ്പറമ്പിൽനിന്ന് മട്ടന്നൂർ വിമാനത്താവളത്തിലും മാലൂർ, ശിവപുരം, തില്ലങ്കേരി ഭാഗത്തും എളുപ്പത്തിൽ എത്താനാകും. കാർഷിക വിളകൾ കർഷകർക്ക് ടൗണുകളിൽ എത്തിക്കുവാനും മട്ടന്നൂർ പഴശ്ശിരാജ കോളേജ്, ഇരിട്ടി എം.ജി. കോളേജ് എന്നിവിടങ്ങളിൽ വിദ്യാർഥികൾക്ക് എത്തിച്ചേരാനും സൗകര്യമായിരിക്കും.
മാലൂർ, ചിറ്റാരിപ്പറമ്പ് പഞ്ചായത്ത് പ്രസിഡൻറുമാരുൾപ്പെടെ, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, ജനപ്രതിനിധികൾ തുടങ്ങിയവരെ പങ്കെടുപ്പിച്ച് ഉദ്ഘാടന പരിപാടി ആഘോഷത്തോടെ നടത്താൻ ഒരുങ്ങുകയാണ് നാട്ടുകാർ. ഇതിനായുള്ള സംഘാടക സമിതി രൂപവത്കരണ യോഗം 12-ന് കോട്ടയിൽ ഇ.എം.എസ്. സ്മാരക മന്ദിരത്തിൽ ചേരും.