നര്‍ത്തകിയും നൃത്താധ്യാപികയുമായ ഭവാനി ദേവി അന്തരിച്ചു

കോട്ടയം: തിരുനക്കര ആസാദ് ലെയ്നിലെ ശങ്കരമംഗലം വീട്ടില്‍ പ്രശസ്ത നര്‍ത്തകിയും നൃത്താധ്യാപികയുമായ ഭവാനി ദേവി (98) അന്തരിച്ചു. പരേതനായ ഡാന്‍സര്‍ ചെല്ലപ്പനാണ് (ഭാരതീയ നൃത്തകലാലയം) ഭര്‍ത്താവ്. മൃതദേഹം ശനിയാഴ്ച വൈകീട്ട് അഞ്ചിന് തിരുനക്കരയിലെ വീട്ടില്‍ എത്തിക്കും. ഞായറാഴ്ച വൈകീട്ട് മൂന്നിന് മുട്ടമ്പലം എന്‍.എസ്.എസ് ശ്മശാനത്തില്‍ സംസ്‌കാരം നടത്തും.
ഗുരു ഗോപിനാഥില്‍ നിന്ന് കേരള നടനം ആധികാരികമായി പഠിച്ചവരില്‍ ഒരാളായിരുന്നു ഭവാനി ദേവി. അന്നുമിന്നും കേരളത്തിലെ ബാലേ സംഘത്തിന്റെ ഏറ്റവും വലിയ വഴികാട്ടിയായിരുന്നു. കേരള കലാമണ്ഡലം പുരസ്‌കാരം, സംഗീത നാടക അക്കാദമി പുരസ്‌കാരം, ഉത്രാടം തിരുനാള്‍ ഗുരു ശ്രേഷ്ഠ അവാര്‍ഡ്, ഗുരു ഗോപിനാഥ് നാട്യപുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. കുമാരനല്ലൂരിലെ മകന്റെ വീട്ടിലായിരുന്നു അന്ത്യം.
ഭര്‍ത്താവ് ചെല്ലപ്പനൊപ്പം 1952-ല്‍ ആരംഭിച്ച ‘ഭാരതീയ നൃത്ത കലാലയ’ത്തിന്റെ ബാനറില്‍ കേരളത്തിനകത്തും പുറത്തും വിദേശത്തുമടക്കം ദമ്പതിമാര്‍ ചേര്‍ന്ന് നടത്തിയ ബാലേ അവതരണം മലയാളികള്‍ നിറഞ്ഞ മനസോടെയാണ് കണ്ടിരുന്നത്. കുമരകം ചെമ്പകശേരില്‍ പദ്മനാഭ പിള്ളയുടെയും ഗൗരിക്കുട്ടിയമ്മയുടെയും മൂത്ത പുത്രിയായ ഭവാനി ദേവി, 13-ാം വയസിലാണ് ഗുരു ഗോപിനാഥിന്റെ ശിഷ്യയാകുന്നത്. ഭരതനാട്യം, മോഹിനിയാട്ടം എന്നിവയ്ക്ക് പുറമേ കേരളനടനവും ചിട്ടയോടെ പഠിച്ചു. ഗുരുഗോപിനാഥിന്റെയടുത്ത് സഹപാഠിയായിരുന്നു ഭര്‍ത്താവ് ചെല്ലപ്പന്‍.
മക്കള്‍: സി.ഗോപാലകൃഷ്ണന്‍ നായര്‍ (റിട്ട.ഐ.ബി ഓഫീസര്‍), സി.രാമചന്ദ്രന്‍ (റിട്ട.കെ.എസ്.ആര്‍.ടി.സി ഉദ്യോഗസ്ഥന്‍), സി. രാധാകൃഷ്ണന്‍ (റിട്ട.ജനറല്‍ മാനേജര്‍,പാരഗണ്‍). മരുമക്കള്‍: ശശിപ്രഭ ജൗഹരി, ശോഭ രാമചന്ദ്രന്‍, പത്മജാ രാധാകൃഷ്ണന്‍.