ഇപ്പോഴും ഒരു ആരോഗ്യഭീഷണിയായി തുടരുന്ന രോഗമാണ് കാൻസർ. നേരത്തേ തിരിച്ചറിയാത്തതും മതിയായ ചികിത്സ ലഭ്യമാക്കാത്തതുമൊക്കെ കാൻസർ രോഗികളെ അപകടാവസ്ഥയിലേക്ക് നയിക്കുന്ന ഘടകങ്ങളാണ്. ആഗോളതലത്തിൽ തന്നെ കാൻസറുണ്ടാക്കുന്ന ആഘാതങ്ങളേക്കുറിച്ച് ലോകാരോഗ്യസംഘടനയുടെ ഭാഗമായ ഐ.എ.ആർ.സി. ( International Agency for Research on Cancer) നടത്തിയ ഗവേഷണത്തിലും സമാനകണ്ടെത്തലുകളാണുള്ളത്.
കൂടുതലായി കാണപ്പെടുന്ന കാൻസറുകളേക്കുറിച്ചും മരണകാരണമാകുന്ന കാൻസറുകളേക്കുറിച്ചുമൊക്കെ ഐ.എ.ആർ.സി. ഗവേഷണം നടത്തുകയുണ്ടായി. തുടർന്നാണ് 2022-ൽ ഏറ്റവുമധികം കാണപ്പെട്ട കാൻസറുകൾ ശ്വാസകോശത്തേയും സ്തനത്തേയും മലാശയത്തേയും ബാധിക്കുന്നതാണെന്ന് കണ്ടെത്തിയത്. പുരുഷന്മാരിൽ ഏറ്റവും സാധാരണമായി കണ്ടെത്തിയത് ശ്വാസകോശാർബുദം, മലാശയാർബുദം, പ്രോസ്റ്റേറ്റ് കാൻസർ എന്നിവയാണ്. അതേസമയം സ്ത്രീകളിൽ സ്തനാർബുദം, ശ്വാസകോശാർബുദം, മലാശയാർബുദം എന്നിവയാണെന്നും കണ്ടെത്തി.
ആഗോളതലത്തിൽ തന്നെ ശ്വാസകോശാർബുദം മൂലമുള്ള മരണനിരക്ക് ഉയർന്നുനിൽക്കുകയാണെന്നും ഗവേഷണത്തിലുണ്ട്. ഇരുപതുലക്ഷത്തോളം പേരെയാണ് ശ്വാസകോശാർബുദം ബാധിച്ചത്, പത്തുലക്ഷത്തിലേറെ പേരുടെ മരണത്തിനും കാരണമായി. മരണനിരക്കും രോഗബാധാനിരക്കും ഏറ്റവും കൂടുതലായി കണ്ടെത്തിയത് ഏഷ്യയിലും യൂറോപ്പിലുമാണ്.
കാൻസർ രോഗികളുടെ നിരക്കിൽ വരുംവർഷങ്ങളിലും വൻവർധനവ് രേഖപ്പെടുത്തുമെന്നും ഗവേഷണത്തിലുണ്ട്. 2050 ആകുമ്പോഴേക്ക് 77% കാൻസർ കേസുകളിലേക്കെത്തിച്ചേരുമെന്നാണ് പറയപ്പെടുന്നത്. അതായത് 35 ദശലക്ഷം പുതിയകേസുകൾ എന്ന നിലയിലേക്ക് കാൻസർ കേസുകൾ കുതിക്കുമെന്നാണ് ഐ.എ.ആർ.സി. വ്യക്തമാക്കുന്നത്.
മാനവവികസന സൂചികയിൽ പിന്നാക്കം നിൽക്കുന്ന രാജ്യങ്ങളിലുള്ളവർ കാൻസർ രോഗനിർണയം നടത്തുന്നത് വൈകിയാണെന്നും ഗുണനിലവാരമുള്ള ചികിത്സ ലഭിക്കാനുള്ള സാധ്യത ഇവരിൽ കുറവാണെന്നും ഗവേഷണത്തെ അടിസ്ഥാനമാക്കി ലോകാരോഗ്യസംഘടന പറയുന്നു. കൂടാതെ രാജ്യങ്ങളിലുള്ള കാൻസർ സംബന്ധിച്ച ആരോഗ്യപദ്ധതികളേക്കുറിച്ചും ലോകാരോഗ്യസംഘടന പരാമർശിക്കുന്നുണ്ട്. 115 രാജ്യങ്ങളെ ആധാരമാക്കി നടത്തിയ ഗവേഷണത്തിൽ 39ശതമാനം രാജ്യങ്ങൾ മാത്രമാണ് കാൻസറിനേയും അടിസ്ഥാന ആരോഗ്യ പദ്ധതികളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
കൂടാതെ ജീവിതരീതികളും പാരിസ്ഥിതികഘടകങ്ങളും കാൻസർനിരക്കുകളുടെ വർധനവിൽ പങ്കുവഹിക്കുന്നുണ്ടെന്ന് ലോകാരോഗ്യസംഘടന പറയുന്നു. ഏഷ്യയിലെ പുകയില ഉപയോഗവും ശ്വാസകോശാർബുദവും തമ്മിൽ പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നുവെന്നും പുകവലിക്കൊപ്പം മദ്യപാനം, അമിതവണ്ണം തുടങ്ങിയവയും കാൻസർ നിരക്കുകൾ വർധിപ്പിക്കുന്നുണ്ടെന്നും ലോകാരോഗ്യസംഘടന പറയുന്നു. വായുമലിനീകരണം വർധിക്കുന്നതും ശ്വാസകോശാർബുദം പോലുള്ളവയ്ക്ക് കാരണമാകുന്നുണ്ട്.
ഓരോ രാജ്യങ്ങളും തങ്ങളുടെ ആരോഗ്യ പദ്ധതികളിൽ കാൻസറിന് പ്രാമുഖ്യം നൽകുന്നത് രോഗപ്രതിരോധത്തിന് ഗുണംചെയ്യുമെന്നാണ് ലോകാരോഗ്യസംഘടന പറയുന്നത്. കൂടാതെ ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തി വ്യക്തിപരമായി ഉണ്ടാകാനിടയുള്ള അപകടസാധ്യതാഘടകങ്ങൾ കുറയ്ക്കാം. പുകവലിശീലം നിർത്തുന്നതിലൂടെ പലയിനം കാൻസറുകളെ പ്രതിരോധിക്കാനാവും. ആരോഗ്യകരമായ ഭക്ഷണശീലം തുടരുന്നതും ആരോഗ്യകരമായ ഭാരം നിലനിർത്തുന്നതും മദ്യോപഭോഗം കുറയ്ക്കുന്നതുമൊക്കെ ഗുണംചെയ്യും. കൂടാതെ ലക്ഷണങ്ങൾ കണ്ടാൽ സ്ക്രീനിങ്ങുകൾ ചെയ്യാനും വിദഗ്ധസേവനങ്ങൾ തേടാനും മടികാണിക്കരുതെന്നും ലോകാരോഗ്യസംഘടന പറയുന്നു.