മുക്കുപണ്ടം പണയം വെച്ച് ഒന്നേകാല്‍ ലക്ഷം തട്ടിയെടുത്ത രണ്ടുപേര്‍ അറസ്റ്റില്‍

പുനലൂര്‍ : മുക്കുപണ്ടം പണയം വെച്ച് സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ നിന്നും ഒന്നേകാല്‍ ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റിലായി. കൊല്ലം കുണ്ടറ കൊറ്റങ്കര മാമൂട് വയലില്‍ പുത്തന്‍ വീട്ടില്‍ അനീഷ (23), വര്‍ക്കല അയിരൂര്‍ ശ്രീലാല്‍ ഭവനില്‍ ശ്രീലാല്‍ (23) എന്നിവരാണ് അറസ്റ്റിലായത്. പുനലൂര്‍ ടി.ബി. ജങ്ഷനിലെ സ്ഥാപനത്തില്‍ നിന്നും കഴിഞ്ഞ ദിവസം ഉച്ചക്കാണ് ഇരുവരേയും അറസ്റ്റുചെയ്തത്.
ഇക്കഴിഞ്ഞ ഡിസംബര്‍ 28-ന് അശ്വതി എന്ന വ്യാജപ്പേരില്‍ ഇവിടെ 31 ഗ്രാം മുക്കുപണ്ടം പണയം വെച്ച് ഒന്നേകാല്‍ ലക്ഷം രൂപ കൈപ്പറ്റിയിരുന്നു. പിന്നീട് പണ്ടം പരിശോധിക്കുമ്പോഴാണ് കബളിപ്പിക്കപ്പെട്ട വിവരം സ്ഥാപനത്തിലുള്ളവര്‍ അറിഞ്ഞത്. കഴിഞ്ഞദിവസം തസ്‌നി എന്ന പേരില്‍ 16 ഗ്രാം മുക്കുപണ്ടം പണയം വെക്കാന്‍ വീണ്ടുമെത്തിയപ്പോഴാണ് ഇരുവരും പിടിയിലായത്. സംശയം തോന്നിയ ജീവനക്കാര്‍ ഇവരെ തടഞ്ഞുനിര്‍ത്തി പോലീസില്‍ എല്‍പ്പിക്കുകയായിരുന്നു. സ്ഥാപന ഉടമയുടെ പരാതിയിന്മേല്‍ പോലീസ് കേസെടുത്തു.