അശ്ലീല ചിത്രം പ്രചരിപ്പിച്ച കേസ്: വിവരങ്ങൾ നൽകാനാകില്ലെന്ന് വാട്സ്ആപ്‌

Share our post

തിരുവനന്തപുരം: കിളിമാനൂർ സ്വദേശിനിയുടെ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച കേസിൽ വിവരങ്ങൾ നൽകാനാകില്ലെന്ന് വാട്‌സ് ആപ്പിന്റെ ഇന്ത്യൻ പ്രതിനിധി കൃഷ്‌ണമോഹൻ ചൗധരി കോടതിയെ അറിയിച്ചു. വാട്സ്ആപ്‌ സെർവറിന്റെ നിയന്ത്രണം ഇന്ത്യയ്‌ക്ക്‌ അല്ലെന്നും അദ്ദേഹം പറഞ്ഞു. ഈ വിവരങ്ങൾ എങ്ങനെ ശേഖരിക്കാമെന്ന് പൊലീസിന് ഉപദേശം നൽകാൻ തയ്യാറാണെന്നും കൃഷ്‌ണമോഹൻ ചൗധരിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ബുധനാഴ്ച വാട്സ്ആപ്‌ പ്രതിനിധി നേരിട്ട് ഹാജരായില്ല. അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട്‌ എൽസ കാതറിൻ ജോർജാണ് കേസ് പരിഗണിക്കുന്നത്. 

രേഖകൾ കൈമാറാനാകില്ല എന്ന് പറയാൻ വാട്സ്ആപ്പിന് അധികാരം ഇല്ലെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ഹർജിയിൽ 17ന് വിശദമായ വാദം കേൾക്കും. സൈബർ പൊലീസ് ആവശ്യപ്പെട്ടിട്ടും വിവരങ്ങൾ കൈമാറാത്തതിനെ തുടർന്നാണ് വാട്സ്ആപ്‌ പ്രതിനിധിയോട് ഹാജരാകാൻ കോടതി ഉത്തരവിട്ടത്.

അശ്ലീല ചിത്രങ്ങൾ ആദ്യം പ്രചരിപ്പിച്ചതാരാണെന്ന വിവരമാണ് പൊലീസ് തേടിയത്. വ്യക്തിയുടെ സ്വകാര്യതയെ ബാധിക്കുന്നതായതിനാൽ നൽകാനാകില്ലെന്നായിരുന്നു വാട്സ്ആപ്പിന്റെ നിലപാട്. തുടർന്ന് പൊലീസ് ഐ.ടി നിയമം ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കുകയായിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!