ശൗചാലയത്തിലെ മലിനജലം റോഡിലേക്ക്; തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർക്ക് ദുരിതം

തലശ്ശേരി: തലശ്ശേരി റെയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്ഫോമിലെ ശൗചാലയത്തിൽ നിന്നുള്ള മലിനജലം റോഡിലേക്കൊഴുകി അസഹനീയമായ ദുർഗന്ധം. നിത്യവും ട്രെയിൻ യാത്രക്കായി എത്തുന്ന നൂറുകണക്കിന് യാത്രക്കാർ കടന്നുപോകുന്ന വഴിയിലാണ് ദിവസങ്ങളായി മലിനജലം ഒഴുകുന്നത്. ഇത് തടഞ്ഞു നിർത്താനുള്ള യാതൊരു സംവിധാനവും റെയിൽവേ അധികൃതർ കൈകൊള്ളാത്തിതിനാൽ ദുരിതമനുഭവിക്കുന്നത് യാത്രക്കാരാണ്.
ഒന്നാം പ്ലാറ്റ്ഫോമിലെ യാത്രക്കാർക്കുള്ള വിശ്രമമുറിയിലെ ശൗചാലയത്തിൽ നിന്നാണ് മലിനജലം റെയിൽവേ സ്റ്റേഷൻ കവാടത്തിലേക്കുള്ള റോഡിലേക്ക് ഒഴുകുന്നത്. അസഹനീയമായ ദുർഗന്ധം കാരണം യാത്രക്കാർ മൂക്ക് പൊത്തിയാണ് ഇതുവഴി യാത്ര ചെയ്യുന്നത്. റെയിൽവേ സ്റ്റേഷൻ നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ റോഡിൽ പൊടിശല്യം രൂക്ഷമാണ്.
അതിനിടയിലാണ് ശൗചാലയത്തിൽ നിന്നുള്ള ദുർഗന്ധവും യാത്രക്കാരെ അലട്ടുന്നത്. വിശ്രമമുറിയിൽ സ്ത്രീകൾക്കും പുരുഷന്മാർക്കുമുളള മൂന്നു ശൗചാലയമാണുള്ളത്. ടാങ്ക് നിറഞ്ഞതിനാൽ കഴിഞ്ഞ വർഷം ജൂണിലും ദിവസങ്ങളോളം ശൗചാലയം അടച്ചിട്ടിരുന്നു. പരാതി ഉയർന്നപ്പോഴാണ് പ്രശ്നം പരിഹരിച്ചത്. കേരളത്തിന്റെ വിവിധഭാഗങ്ങളിലേക്ക് പോകാൻ മലയോരങ്ങളിൽ നിന്നടക്കമുള്ള യാത്രക്കാർ ആശ്രയിക്കുന്ന പ്രധാന റെയിൽവേ സ്റ്റേഷനുകളിലൊന്നാണ് തലശ്ശേരിയിലേത്.