തില്ലങ്കേരിയിൽ തെയ്യം കണ്ട് പേടിച്ചോടിയ കുട്ടിക്ക് വീണ് പരിക്ക്; തെയ്യത്തെ പൊതിരെ തല്ലി നാട്ടുകാര്‍

Share our post

ഇരിട്ടി: തില്ലങ്കേരിയില്‍ തെയ്യം കെട്ടിയയാള്‍ക്ക് നാട്ടുകാരുടെ കൂട്ടത്തല്ല്. കൈതച്ചാമുണ്ഡി തെയ്യം കണ്ട് പേടിച്ചോടിയ കുട്ടിക്ക് പരിക്കേറ്റതാണ് നാട്ടുകാരുടെ പ്രകോപനത്തിന് കാരണമായത്. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടില്ല.

പെരിങ്ങാനം ഉദയംകുന്ന് മടപ്പുര ഉത്സവത്തിന് കൈതചാമുണ്ഡി തെയ്യക്കോലം കെട്ടിയ ആളെയാണ് നാട്ടുകാരില്‍ ചിലർ തല്ലിയത്. ബുധനാഴ്ച വൈകിട്ടാണ് സംഭവം. കൈതച്ചെടി വെട്ടി മടപ്പുരയിലേക്ക് തെയ്യം വരുന്ന ചടങ്ങ് നടന്നിരുന്നു.

ഇതിനിടയില്‍ ഉഗ്രരൂപത്തില്‍ ആളുകളെ പിന്തുടർന്ന് ഭയപ്പെടുത്തുന്നതാണ് ആചാരം. അതാണ് കൈവിട്ടുപോയത്. പേടിച്ചോടിയ ഒരു കുട്ടിക്ക് വീണു പരിക്കേറ്റു. തുടർന്ന് നാട്ടുകാരില്‍ ഒരു വിഭാഗം തെയ്യം കെട്ടിയയാളെ കൈകാര്യം ചെയ്യുകയായിരുന്നു.

പൊലീസും ഉത്സവ കമ്മിറ്റിക്കാരും ചേർന്ന് രംഗം ശാന്തമാക്കി. സംഭവത്തില്‍ ആർക്കും പരാതിയുമില്ല. അതുകൊണ്ട് സംഭവത്തില്‍ കേസ് എടുത്തിട്ടില്ല. അനിഷ്ട സംഭവങ്ങളില്ലാതെ ചടങ്ങ് പൂർത്തിയാക്കാൻ പൊലീസ് നിർദേശം നല്‍കിയിട്ടുണ്ട്. ഇല്ലെങ്കില്‍ നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പും നല്‍കി. വടക്കൻ മലബാറില്‍ ഏറെ പ്രചാരമുള്ള കൈതചാമുണ്ഡി തെയ്യം ചുരുക്കം ക്ഷേത്രങ്ങളിലാണ് കെട്ടിയാടാറുള്ളത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!