മാഹിയില്‍ നിന്ന് ടിപ്പര്‍ ലോറിയില്‍ ഡീസല്‍ കടത്ത്; 3000 ലിറ്റര്‍ പിടികൂടി, മൂന്ന് ലക്ഷം പിഴ

Share our post

കോഴിക്കോട്: മാഹിയില്‍ നിന്നും മുക്കം ഭാഗത്തേക്ക് ടിപ്പര്‍ ലോറിയില്‍ അനധികൃതമായി കടത്തുകയായിരുന്ന 3000 ലിറ്റര്‍ ഡീസല്‍ പിടികൂടി. KLO2 Y- 4620 നമ്പര്‍ ടിപ്പര്‍ ലോറിയാണ് കൊയിലാണ്ടി ജി.എസ്.ടി. എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിടികൂടിയത്. വടകര തിരുവള്ളൂര്‍ സ്വദേശികളാണ് ഡീസല്‍ കടത്തിനു പിന്നില്‍. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഡെപ്യൂട്ടി എന്‍ഫോഴ്‌സ്‌മെന്റ് കമ്മിഷണര്‍ വി.പി. രമേശന്റ നിര്‍ദ്ദേശപ്രകാരം നടത്തിയ വാഹനപരിശോധനയിലാണ് ഡീസല്‍ കടത്ത് പിടികൂടിയത്.

ലോറിയുടെ പ്ലാറ്റ്‌ഫോമില്‍ പ്രത്യേക ടാങ്ക് ഉണ്ടാക്കി അതിനു മുകളില്‍ മെറ്റല്‍ നിരത്തിയ ശേഷമാണ് ഡീസല്‍ കടത്തിയത്. ഡീസല്‍ വിതരണം ചെയ്യുന്നതിന് മീറ്ററും വാഹനത്തില്‍ ഘടിപ്പിച്ചിരുന്നു. എസ്.ഡി. ടാക്‌സ്, എ.എസ്.ടി, സെസ് അടക്കം 3,03,760 രൂപ പിഴ ഈടാക്കിയ ശേഷം വാഹനം മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റിന് കൈമാറിയതായി ജി.എസ്.ടി വകുപ്പ് അറിയിച്ചു.

പരിശോധനയ്ക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍ ജി.വി. പ്രമോദ്, ഡെപ്യൂട്ടി എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍ ഇ.കെ. ശിവദാസന്‍, അസി. എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍ കെ.പി. രാജേഷ്, ഡ്രൈവര്‍ ബിനു എന്നിവര്‍ നേതൃത്വം നല്‍കി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!