അതിദരിദ്രരുടെ ലിസ്റ്റിൽ മാറ്റം തേടി നിരാലംബ കുടുംബം

Share our post

കേളകം :കണിച്ചാർ പഞ്ചായത്തിലെ അതിദരിദ്രരുടെ ലിസ്റ്റിൽ നിന്നു മാറ്റി കേളകം പഞ്ചായത്തിലെ പട്ടികയിൽ ഉൾപ്പെടുത്താൻ നടപടി വേണമെന്ന് ആവശ്യപ്പെട്ട് നിരാലംബ കുടുംബം. ഈ ആവശ്യം സാധിക്കാൻ മുഞ്ഞനാട്ട് വത്സയും ഭർത്താവ് തോമസും വലയാൻ തുടങ്ങിയിട്ട് മാസങ്ങൾ പലതായി. രണ്ടര വർഷം മുമ്പ് സ്ട്രോക്ക് വന്ന് ശരീരം തളർന്നതിനെ തുടർന്നു ചികിത്സയിലാണു വത്സ.

മരുന്നിനു തന്നെ വൻ തുക ചിലവാകും. സർക്കാരിൽ നിന്ന് സഹായമൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. കണിച്ചാർ പഞ്ചായത്തിലെ നാലാം വാർഡിലായിരുന്നു വത്സയും ഭർത്താവ് തോമസും താമസിച്ചിരുന്നത്. വത്സയ്ക്ക് സഹായത്തിനായി എപ്പോഴും വീട്ടിൽ തന്നെ ഉണ്ടാകണം എന്നതിനാൽ കർഷകത്തൊഴിലാളിയായ തോമസിന് പണിക്കു പോകാൻ സാധിക്കാതെ വന്നു.

ഇതോടെ വരുമാനവും നിലച്ചു. തോമസും ശാരീരിക വെല്ലുവിളി നേരിടുന്ന വ്യക്തിയാണ്. അതിദരിദ്രരുടെ പട്ടികയിൽ ഉൾപ്പെടുത്തിയാൽ മരുന്നും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും എന്നാണു കരുതിയിരുന്നത്. എന്നാൽ, കാര്യമായ സഹായം ഒന്നും ലഭിച്ചില്ല. മരുന്നിനും തുടർ ചികിത്സയ്ക്കുമായി വന്ന ചെലവ് താങ്ങാനാകാതെ വീടും സ്ഥലവും വിറ്റു.

വിൽപനയുടെ ഇടപാടുകൾ പാതിവഴിയിൽ നിലച്ചതോടെ കുടുംബം പ്രതിസന്ധിയിലായി. കുടുംബം കേളകം പഞ്ചായത്തിലെ ചെട്ടിയാംപറമ്പിലേക്കു താമസം മാറ്റുകയും ചെയ്തു. തുടർന്നാണ് കണിച്ചാറിലെ ലിസ്റ്റിൽ നിന്ന് ഒഴിവാക്കി കേളകം പഞ്ചായത്തിലെ ലിസ്റ്റിൽ ചേർക്കണം എന്നാവശ്യപ്പെട്ട് അപേക്ഷ നൽകിയത്.

നവകേരള സദസ്സിൽ പരാതി നൽകിയിട്ടും പരിഹാരം ഉണ്ടായില്ല. ശാരീരിക വെല്ലുവിളി നേരിടുന്ന തോമസിന് മാസങ്ങളായി സാമൂഹിക പെൻഷനും ലഭിക്കുന്നില്ല. നാട്ടുകാരുടെ സഹായത്തോടെയാണ് ഇപ്പോൾ ജീവിതം മുന്നോട്ടു പോകുന്നത്.

ഒരു പഞ്ചായത്തിലെ അതി ദരിദ്രരുടെ ലിസ്റ്റിൽ നിന്ന് മറ്റൊരു പഞ്ചായത്തിലെ ലിസ്റ്റിലേക്ക് മാറ്റണം എന്ന് ആവശ്യപ്പെടാൻ സാങ്കേതികമായി സാധിക്കില്ലെന്ന് കണിച്ചാർ പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ പറഞ്ഞു.അതി ദരിദ്രരുടെ ലിസ്റ്റിൽ ഉൾപ്പെട്ടിരുന്ന കുടുംബമാണ് എന്നൊരു സാക്ഷ്യപത്രം നൽകാമെന്ന് അറിയിച്ചിട്ടുമുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!