ആപ്പിളിന്റെ ഫോൾഡബിൾ ഫോൺ, അണിയറയിൽ ഒരുങ്ങുന്ന അത്ഭുതം എന്ത് ?

Share our post

മുന്‍നിര സ്മാര്‍ട്‌ഫോണ്‍ ബ്രാന്‍ഡുകളില്‍ നിന്നുള്ള ഫോള്‍ഡബിള്‍ സ്മാര്‍ട്‌ഫോണുകള്‍ ഇതിനകം വിപണിയില്‍ ഇറങ്ങിക്കഴിഞ്ഞു. സാധാരണ പല മുന്‍നിര സാങ്കേതിക വിദ്യകളും ആദ്യം അവതരിപ്പിക്കാനുള്ള ശ്രമം നടത്തുന്ന ആപ്പിള്‍ ഇക്കാര്യത്തില്‍ പക്ഷെ യാതൊരു വിധ ധൃതിയും കാണിക്കുന്നില്ലെന്ന് മാത്രമല്ല അത്തരം ഒരു പദ്ധതിയുമായി ബന്ധപ്പെട്ട ഔദ്യോഗികമായി യാതൊരു സൂചനയും തരുന്നില്ല. എന്നാല്‍ ഫോള്‍ഡബിള്‍ ഐഫോണിന് വേണ്ടിയുള്ള പദ്ധതികള്‍ ആപ്പിളിനുള്ളില്‍ നടക്കുന്നുണ്ടെന്നാണ് ചോര്‍ന്നുകിട്ടിയ വിവരങ്ങളെ ഉദ്ധരിച്ച് പല മാധ്യമ റിപ്പോര്‍ട്ടുകളും പറയുന്നത്.

സാംസങ്, മൊട്ടോറോള, ഗൂഗിള്‍, ഓപ്പോ, വിവോ, വണ്‍ പ്ലസ് തുടങ്ങി ഒട്ടേറെ കമ്പനികള്‍ ഇതിനകം ഫോള്‍ഡബിള്‍ രംഗത്തേക്ക് കടന്നു വന്നിട്ടുണ്ട്. എന്താണ് ഈ രംഗത്ത് ആപ്പിളിന്റെ പദ്ധതി ? ആപ്പിള്‍ ഫോള്‍ഡബിള്‍ ഡിവൈസ് അവതരിപ്പിക്കുമോ? അങ്ങനെയെങ്കില്‍ എങ്ങനെയായിരിക്കും അത്?

അത് ഒരു ഫോള്‍ഡബിള്‍ ഐപാഡ് ആയിരിക്കുമെന്നും അതല്ല ക്ലാംഷെല്‍ മാതൃകയിലുള്ള ഫോള്‍ഡബിള്‍ ഐഫോണ്‍ ആയിരിക്കുമെന്നുമുള്ള പ്രവചനങ്ങളുണ്ട്.

ആപ്പിളുമായി ബന്ധപ്പെട്ട് പല സുപ്രധാന വിവരങ്ങള്‍ നേരത്തെ തന്നെ പുറത്തുവിടുകയും ആപ്പിളിന്റെ പദ്ധതികള്‍ മുന്‍കൂട്ടി പ്രവചിക്കാറുമുള്ള മിങ് ചി കുവോ, മാര്‍ക്ക് ഗുര്‍മന്‍ എന്നിവര്‍ ഈ വിഷയത്തിലും തങ്ങളുടെ നിരീക്ഷണങ്ങള്‍ പങ്കുവെക്കുന്നുണ്ട്.

2022 മിങ് ചി കുവോ പറഞ്ഞത് ആപ്പിള്‍ പുറത്തിറക്കുക, ഒന്നുകില്‍ ഒരു ഫോള്‍ഡബിള്‍ ഐപാഡോ അല്ലെങ്കില്‍, ഐപാഡും ഐഫോണും സംയോജിപ്പിച്ചുകൊണ്ടുള്ള ഹൈബ്രിഡ് മോഡലോ ആയിരിക്കും എന്നാണ്. 2021 ല്‍ മാര്‍ക്ക് ഗുര്‍മന്‍ പറഞ്ഞത് രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ ആപ്പിളിന്റെ ഫോള്‍ഡബിള്‍ ഫോണ്‍ അവതരിപ്പിക്കപ്പെടും എന്നാണ്.

എന്നാല്‍ പുറത്തുവരുന്ന പുതിയ വിവരങ്ങള്‍ അനുസരിച്ച്, ഐപാഡ് മിനിയ്ക്ക് പകരമാവുന്ന ഒരു ഡിവൈസ് ആയിരിക്കും ആപ്പിളിന്റെ ഫോള്‍ഡബിള്‍ ഡിവൈസ്. എന്നാല്‍ ഫോള്‍ഡബിള്‍ ഐപാഡ് പുറത്തിറക്കാനുള്ള പദ്ധതിയുടെ പ്രാരംഭ ഘട്ടത്തിലാണ് ആപ്പിള്‍ ഇപ്പോഴെന്നാണ് കൊറിയന്‍ ഇലക്ട്രോണിക്‌സ് ഇന്‍ഡസ്ട്രി മാധ്യമമായ ദി ഇലക് ( The Elec) പറയുന്നത്. 2026 ലോ 2027 ലോ ആയിരിക്കും അത് പുറത്തിറങ്ങാന്‍ സാധ്യതയെന്നും ദി ഇലക് പറയുന്നു. നിലവിലെ 8.3 ഇഞ്ച് ഐപാഡ് മിനിയ്ക്ക് പകരമാവുന്ന 7 ഇഞ്ച് അല്ലെങ്കില്‍ 8 ഇഞ്ച് വലിപ്പമുള്ള ഫോള്‍ഡബിള്‍ സ്‌ക്രീന്‍ ആയിരിക്കും ഇതിനെന്നും വെബ്‌സൈറ്റ് പറയുന്നു.

ആപ്പിളിന് വേണ്ടി ഫോള്‍ഡബിള്‍ ഫോണ്‍ രൂപകല്‍പന ചെയ്യുന്നതിന് മുന്‍നിര ഡിസ്‌പ്ലേ സ്‌ക്രീന്‍ നിര്‍മാതാക്കളായ എല്‍ജിയും സാംസങും ആപ്പിളുമായി സഹകരിക്കുന്നുണ്ട്.

അതേസമയം ദി ഇന്‍ഫര്‍മേഷന്‍ നല്‍കുന്ന റിപ്പോര്‍ട്ടില്‍ പറയുന്നത് ആപ്പിള്‍ രണ്ട് വലിപ്പത്തിലുള്ള ഫോള്‍ഡബിള്‍ ഐഫോണുകള്‍ അവതരിപ്പിക്കുമെന്നാണ്. അവ ഹൊറിസോണ്ടലായി മടക്കുന്ന ക്ലാംഷെല്‍ രീതിയിലുള്ളവയായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗാലക്‌സി സെഡ് ഫ്‌ളിപ്പ്, മോട്ടോ റേസര്‍ പ്ലസ് എന്നിവയ്ക്ക് സമാനമായിരിക്കും ഇത്. എന്നാല്‍ ഈ വര്‍ഷമോ 2025 ലോ ആപ്പിള്‍ ഫോള്‍ഡബിള്‍ ഐഫോണുകള്‍ ഉല്പാദിപ്പിക്കാനിടയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്തായാലും പ്രീമിയം സ്മാര്‍ട്‌ഫോണുകളില്‍ ശ്രദ്ധേയരായ ആപ്പിള്‍ പുറത്തിറക്കുന്ന ഫോള്‍ഡബിള്‍ ഫോണും പ്രീമിയം പ്രൈസ് ടാഗില്‍ ആയിരിക്കും എന്നതില്‍ സംശയം വേണ്ട. റിപ്പോര്‍ട്ടുകളനുസരിച്ച് ഗാലക്‌സി സെഡ് ഫോള്‍ഡ് 5, പിക്‌സല്‍ ഫോള്‍ഡ് എന്നിവയുമായി മത്സരിക്കും വിധം 2000 ഡോളറില്‍ താഴെ വിലയിലായിരിക്കും ആപ്പിളിന്റെ ഫോള്‍ഡബിള്‍ പുറത്തിറക്കാന്‍ സാധ്യത.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!