പേരാവൂർ നിയോജകമണ്ഡലത്തോടുള്ള അവഗണനയ്ക്കെതിരേ യു.ഡി.എഫ് സമരം നടത്തും: സണ്ണി ജോസഫ്

ഇരിട്ടി: സംസ്ഥാന ബജറ്റില്‍ പേരാവൂർ നിയോജകമണ്ഡലത്തോട് സർക്കാർ കാണിച്ചിരിക്കുന്നത് രാഷ്ട്രീയ ഉച്ചനീചത്വമാണെന്ന് സണ്ണി ജോസഫ് എം.എല്‍.എ.
മണ്ഡലത്തിനോടുള്ള സർക്കാർ നിഷേധ നിലപാടിനെതിരെ യു.ഡി.എഫ് ശക്തമായ പ്രക്ഷോഭപരിപാടികള്‍ ആരംഭിക്കുമെന്നും സണ്ണി ജോസഫ് എം.എല്‍.എ പത്രസമ്മേളനത്തില്‍ പറഞ്ഞു. ബജറ്റ് ചർച്ചയില്‍ അവസരം കിട്ടിയാല്‍ മണ്ഡലത്തിനോടുള്ള അവഗണന നിയമസഭയില്‍ ഉന്നയിക്കും. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി, ധനമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവർക്ക് നിവേദനം നല്‍കും.
ബജറ്റിന് ആഴ്ചകള്‍ക്ക് മുമ്പ് ധനമന്ത്രി നിർദേശിച്ചത് പ്രകാരം മണ്ഡലത്തില്‍ അടിയന്തിരമായി പൂർത്തിയാക്കേണ്ട പൊതുമരാമത്ത് റോഡുകള്‍, മറ്റ് വികസന പ്രവർത്തനങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി 38 വികസന പദ്ധതികളുടെ പട്ടിക സമർപ്പിച്ചിരുന്നു. ഇതില്‍ പലതും നേരത്തെ നിവേദനങ്ങള്‍ ആയും വിവിധ വകുപ്പ് മന്ത്രിമാരുടെയും മുഖ്യമന്ത്രിയുടെയും ശ്രദ്ധയില്‍പ്പെടുത്തിയതുമാണ്. ഇരിട്ടി – പേരാവൂർ – നെടുംപൊയില്‍ റോഡാണ് ഒന്നാമത്തെ പരിഗണനയായി സമർപ്പിച്ചത്. എന്നാല്‍ സമർപ്പിച്ച പദ്ധതികളൊന്നും പരിഗണിക്കാതെ മണ്ഡലത്തിന് അനുവദിച്ചത് കേവലം അഞ്ചു കോടി രൂപമാത്രമാണ്.
അതേ സമയം എല്‍.ഡി.എഫ്, എം.എല്‍.എമാരുടെ മണ്ഡലങ്ങള്‍ക്ക് യഥേഷ്ടം ഫണ്ട് അനുവദിക്കുകയും ചെയ്തു. ഇതു രാഷ്‌ട്രീയ അനീതിയാണ്. കേന്ദ്ര അവഗണനയ്ക്കെതിരേ പ്രതിഷേധിക്കുന്നവർ സ്വന്തം നാട്ടില്‍ പ്രതിപക്ഷ എം.എല്‍.എമാരോട് കാട്ടുന്ന രാഷ്‌ട്രീയ വിവേചത്തിനോട് എന്താണ് പറയാനുള്ളതെന്ന് വ്യക്തമാക്കണമെന്നും സണ്ണി ജോസഫ് എം.എല്‍.എ ആവശ്യപ്പെട്ടു.