ആറളത്ത് ആനമതിൽ ഒരുവർഷത്തിനകം പൂർത്തിയാക്കും

ഇരിട്ടി : ആറളം ഫാം വനാതിർത്തിയിൽ നിർമിക്കുന്ന ആനമതിലിന്റെ നിർമാണം സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് മോണിട്ടറിങ് സമിതിയെ നിയോഗിച്ചതായി മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു. സബ് കളക്ടറുടെ നേതൃത്വത്തിലുള്ള സമതിയിൽ വനം, പൊതുമരാമത്ത്, ട്രൈബൽ വകുപ്പ് മേധാവികൾ അംഗങ്ങളായിരിക്കും. എല്ലാ ആഴ്ചയും നിർമാണപുരോഗതി വിലയിരുത്തും. ആനമതിലിന്റെ നിർമാണവും ആറളം ഫാം പുനരധിവാസ മേഖലയിലെ പ്രശ്നങ്ങളും പരിഹരിക്കുന്നതിന് ആറളം വന്യജീവി സങ്കേതം ഓഫീസിൽ നടന്ന ഉന്നതതല യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മaന്ത്രി.
52 കോടിരൂപ ചെലവിൽ പത്തര കിലോമീറ്റർ നിർമിക്കുന്ന മതിലിന്റെ രണ്ട് കിലോമീറ്റർ നിർമാണം പൂർത്തിയായി. വിവിധ റീച്ചുകളിലായി നിർമാണം ആരംഭിക്കുന്നതിന് നിർദ്ദേശം നൽകിയിട്ടുണ്ട്. 18 മാസമാണ് നിർമാണ കാലാവധിയെങ്കിലും ഒരുവർഷംകൊണ്ട് തന്നെ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. മതിൽ നിർമിക്കേണ്ട ഭാഗത്തെ 67 മരങ്ങൾ മുറിച്ചുനീക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കും. വന്യജീവി സങ്കേതത്തിൽനിന്ന് ഫാമിനുള്ളിൽ കടന്ന കാട്ടാനകളെ തുരത്തുന്നതിനായി മതിൽ സ്ഥാപിക്കേണ്ട ഗേറ്റുകളുടെ കര്യത്തിലും തീരുമാനമായി. ഒരു പ്രധാന ഗേറ്റും അടിയന്തര ഘട്ടങ്ങളിൽ മാത്രം ഉപയോഗിക്കുന്ന രീതിയിൽ മറ്റൊരു ഗേറ്റും സ്ഥാപിക്കും.
പട്ടയഭൂമിയിൽ താമസിക്കാത്തവരുടെ ഭൂമി തിരിച്ചുപിടിക്കും
ഫാമിൽ ഒരേക്കർ ഭൂമി ലഭിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും താമസമാക്കാത്തവരുടെ വീടും സ്ഥലവും തിരിച്ചു പിടിക്കാൻ തീരുമാനിച്ചതായി മന്ത്രി പറഞ്ഞു. ഫാമിൽ താമസിക്കാൻ താത്പര്യമുള്ള ഒരാളെപോലും ഒഴിവാക്കില്ല. താത്പര്യമില്ലാതവരുടെ ഭൂമി തിരിച്ചുപിടിക്കുന്നതിന് നോട്ടീസ് നൽകിയിട്ടുണ്ട്. സ്ഥലം ഉടമകളുടെ അഗ്രഹപ്രകാരം മാത്രമേ തിരിച്ചുപിടിക്കുകയുള്ളൂ. ഫാമിലെ ഭൂമി വിട്ടുനൽകുന്നവർക്ക് അവർ ആഗ്രഹിക്കുന്ന സ്ഥലങ്ങളിൽ ഭൂമിക്ക് അപേക്ഷിക്കുന്നതിന് തടസമുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.
അവലോകന യോഗത്തിൽ സണ്ണിജോസഫ് എം.എൽ.എ., സബ്കളക്ടർ സന്ദീപ്കുമാർ, ആറളം വൈൽഡ് ലൈഫ് വാർഡൻ ജി. പ്രദീപ്, മരാമത്ത് എക്‌സിക്യൂട്ടീവ് എൻജിനീയർ ഷാജി തയ്യിൽ, അസിസ്റ്റന്റ് എൻജിനീയർ ലജീഷ് കുമാർ, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ പി.സനില, ആറളം അസിസ്റ്റന്റ് വാർഡൻ പി.പ്രസാദ്, ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ്, ആറളം ഫാം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ കെ.പി. നിതീഷ്‌കുമാർ തുടങ്ങിയവർ പങ്കെടുത്തു.