കണ്ണൂരില്‍ പാചക വാതക ടാങ്കര്‍ ലോറി മറിഞ്ഞു; എട്ടുപേര്‍ക്ക് പരിക്ക്, പൂര്‍ണ ഗതാഗത നിയന്ത്രണം

Share our post

കണ്ണൂർ: പാലത്തിന് മുകളില്‍ നിയന്ത്രണം വിട്ട ടാങ്കർലോറി മറിഞ്ഞു. കണ്ണൂർ പഴയങ്ങാടിയില്‍ ഇന്ന് പുലർച്ചെ ഒന്നര മണിയോടെയാണ് അപകടമുണ്ടായത്.
മംഗലാപുരത്തു നിന്ന് കോഴിക്കോടേയ്ക്ക് വരികയായിരുന്ന പാചക വാതക ടാങ്കർ മൂന്ന് വാഹനങ്ങളില്‍ ഇടിച്ച്‌ മറിയുകയായിരുന്നു. ടാങ്കറില്‍ നിന്ന് വാതക ചോർച്ചയില്ലെന്നാണ് പ്രാഥമിക നിഗമനം. അപകടത്തെത്തുടർന്ന് പഴയങ്ങാടി പാലം വഴിയുള്ള ഗതാഗതം പൂർണമായും തടയുകയാണ് പൊലീസ്.

അമിത വേഗത്തിലെത്തിയ ലോറി ആദ്യം ട്രാവലറില്‍ ഇടിക്കുകയായിരുന്നു. കോഴിക്കോട് ബന്ധുവീട്ടില്‍ പോയതിനു ശേഷം തിരിച്ചുവരികയായിരുന്ന കാഞ്ഞങ്ങാട് സ്വദേശികളാണ് ട്രാവലറിയിലുണ്ടായിരുന്നത്. ലോറിയുടെ അമിതവേഗത്തിലെത്തിലെ വരവുകണ്ട് പാലത്തിന് അരികിലേയ്ക്ക് ട്രാവലർ പരമാവധി അടുപ്പിച്ചതുകൊണ്ട് വൻ അപകടം ഒഴിവായി.

ട്രാവലറില്‍ ഇടിച്ചതിനു ശേഷം രണ്ട് കാറുകളില്‍ കൂടി ഇടിച്ചതിനുശേഷമാണ് ലോറി നിന്നത്. അപകടത്തില്‍ ട്രാവലറില്‍ ഉണ്ടായിരുന്ന എട്ടുപേർക്ക് പരിക്കേറ്റു.ഇവരെ പരിയാരം മെഡിക്കല്‍  കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ടാങ്കർ ലോറിയുടെ ഡ്രൈവർ കൊല്ലം സ്വദേശി പ്രശാന്ത് കുമാറിനും പരിക്കേറ്റു. ഇയാളും മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി.
ഡ്രൈവർ മദ്യപിച്ചിരുന്നതായി ആരോപണമുണ്ട്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ലോറിയില്‍ നിന്ന് പാചകവാതകം റീഫില്‍ ചെയ്തതിനുശേഷം മാത്രമേ അവിടെ നിന്ന് മാറ്റാൻ സാധിക്കുകയുള്ളൂ. ഇതിനുശേഷം മാത്രമേ ഗതാഗതം പുനസ്ഥാപിക്കുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!