എസി, സ്മാർട്ട് ടി.വി, സൗണ്ട് സിസ്റ്റം; മലപ്പുറത്ത് 64 ‘ട്രെയിനുകൾ’ ഒരുമിച്ചിറങ്ങുന്നു, അടിമുടിമാറി അങ്കണവാടികൾ

Share our post

മലപ്പുറം: നഗരസഭ പ്രദേശത്തെ മുഴുവൻ അങ്കണനവാടികളിലും ആധുനിക സൗകര്യങ്ങൾ ഒരുക്കി മോഡേൺ സ്മാർട്ട് അങ്കണവാടികളാക്കി മാറ്റുന്ന പദ്ധതി മലപ്പുറത്ത് ആദ്യഘട്ടം പൂർത്തിയായി. അംഗനവാടികളിൽ എയർ കണ്ടീഷണറുകൾ, സ്മാർട്ട് ടിവി, സോഫ്റ്റ് ഫ്ലോറിംഗ്സ്, സ്റ്റുഡൻസ് ഫ്രണ്ട്‌ലി പെയിൻ്റിങ്സ്സ്, ക്രിയേറ്റീവ് സോൺ, സൗണ്ട് സിസ്റ്റം, സ്റ്റോറേജ് ബിന്നുകൾ തുടങ്ങിയവ ഒരുക്കി മുഴുവൻ അങ്കണവാടികളെയും ആധുനിക കാലത്തിനനുസരിച്ച് പരിഷ്കരിക്കുന്ന പദ്ധതിയാണ് മലപ്പുറത്ത് നടപ്പാക്കിയത്.

64 അങ്കണവാടികളുടെയും അകവും പുറവും ഒരേ രീതിയിലുള്ള നിറങ്ങളും ചിത്രങ്ങളും നൽകുകയും, പുറംഭാഗം ട്രെയിൻ ബോഗി മോഡലുമാക്കി മാറ്റി. അങ്കണവാടികൾ ആധുനിക നിലവാരത്തിലാക്കുന്ന രാജ്യത്തെ ആദ്യത്തെ തദ്ദേശ സ്വയംഭരണസ്ഥാപനമായി മലപ്പുറം മാറി.

അങ്കണവാടികളെ കാലാനുസൃതമായി പരിഷ്കരിച്ച് കുട്ടികളുടെ പഠനനിലവാരവും, ആത്മവിശ്വാസവും വർധിപ്പിക്കുന്നതിനാണ് പദ്ധതി നടപ്പിലാക്കിയത്. ഒന്നരക്കോടിയോളം രൂപ ചെലവഴിച്ചാണ് നഗരസഭ ബൃഹത്തായ പദ്ധതി പൂർത്തിയാക്കുന്നത്. നഗരസഭയുടെ സ്വന്തം വിഹിതവും കേന്ദ്രസർക്കാറിന്റെ ഫണ്ടും ഉൾപ്പെടെ ഉപയോഗപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കിയത്. രാജ്യത്ത് ആദ്യമായിട്ടാണ് ഒരു തദ്ദേശ സ്ഥാപനം അവരുടെ പ്രദേശത്തുള്ള മുഴുവൻ അങ്കണവാടികളിലും എയർകണ്ടീഷൻ സൗകര്യം ഒരുക്കുന്നത്.

ആദ്യഘട്ടം പണി പൂർത്തിയായ ആറ് സ്മാർട്ട് അങ്കണവാടികളുടെ ഉദ്ഘാടനം ബുധനാഴ്ച നടക്കും. നഗരസഭ ചെയർമാൻ മുജീബ് കാടേരി ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തിനോടനുബന്ധിച്ച് ബഹുജന പങ്കാളിത്തത്തോടുകൂടി വിവിധ കലാരൂപങ്ങൾ ഉൾപ്പെടെയുള്ള സാംസ്കാരിക ഘോഷയാത്രയും സംഘടിപ്പിക്കുന്നുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!