പേരാവൂർ താലൂക്കാസ്പത്രി കെട്ടിടനിർമാണ ടെണ്ടറിന് ഉടൻ അംഗീകാരം ലഭ്യമാക്കും ; ആരോഗ്യമന്ത്രി വീണ ജോർജ്

പേരാവൂർ: താലൂക്കാസ്പത്രിക്ക് കിഫ്ബി ഫണ്ടിൽ അനുവദിച്ച ഒന്നാംഘട്ട കെട്ടിട നിർമാണ ടെണ്ടറിന് ഉടൻ അംഗീകാരം ലഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരന് ഉറപ്പ് നല്കി.വിഷയത്തിൽ അടിയന്തര നടപടിയാവശ്യപ്പെട്ട് മന്ത്രിക്ക് ബ്ലോക്ക് പഞ്ചായത്ത് നല്കിയ നിവേദനത്തെത്തുടർന്നാണ് മന്ത്രിയുടെ ഇടപെടൽ.
ടെണ്ടറിന് ആരോഗ്യവകുപ്പിന്റെ അന്തിമാനുമതി ലഭിക്കാത്ത സാഹചര്യത്തിൽ അടിയന്തര നടപടിയാവശ്യപ്പെട്ട് 2023 ഡിസമ്പറിൽ മുഖ്യമന്ത്രിക്ക് ബ്ലോക്ക് പഞ്ചായത്ത് അപേക്ഷ നല്കിയിരുന്നു. അപേക്ഷയിന്മേൽ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോട് തുടർനടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്‌പെഷൽ ഡ്യൂട്ടി അഡീഷണൽ സെക്രട്ടറി റോബർട്ട് ഫ്രാൻസിസ് നിർദേശം നല്കുകയും ചെയ്തിരുന്നു.
ടെണ്ടറിന് അന്തിമാനുമതി വൈകുന്നതിനെതിരെ പ്രതിഷേധം വ്യാപകമായ സാഹചര്യത്തിലാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മന്ത്രിയെ നേരിട്ട് കണ്ട് വീണ്ടും അപേക്ഷ നല്കിയത്.