ലാവലിൻ കേസ് വീണ്ടും മാറ്റി; സുപ്രീം കോടതി കേസ് മാറ്റുന്നത് 38-ാം തവണ

ന്യൂഡൽഹി: എസ്എന്‍.സി ലാവലിൻ കേസ് സുപ്രീംകോടതി വീണ്ടും മാറ്റി. മുതിർന്ന അഭിഭാഷകർക്ക് വക്കാലത്ത് മാറ്റാൻ സമയം അനുവദിച്ചു കൊണ്ടാണ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസ് കെ.വി. വിശ്വനാഥൻ എന്നിവരടങ്ങുന്ന ബെഞ്ച് കേസ് വീണ്ടും മാറ്റിയത്. മേയ് ഒന്നിന് കേസ് വീണ്ടും പരിഗണിക്കും.
സുപ്രീം കോടതി 38-ാം തവണയാണ് കേസ് മാറ്റിവയ്ക്കുന്നത്. കേസെടുക്കാൻ സി.ബി.ഐക്ക് താൽപര്യമില്ലെന്നും കേസ് നിരവധി തവണ മാറ്റിയെന്നും കക്ഷികളിൽ ഒരാളുടെ അഭിഭാഷകൻ വാദിച്ചു. എന്നാൽ കോടതി എതുസമയം പറഞ്ഞാലും വാദിക്കാൻ തയാറാണെന്ന് സിബിഐ കോടതിയിൽ അറിയിച്ചു.
ഇത് 31-ാം തവണയാണ് കേസ് സുപ്രീംകോടതിയിൽ ലിസ്റ്റ് ചെയ്യുന്നത്. ഇതിനുമുമ്പ് ഒക്ടോബർ 31-നാണ് അവസാനമായി കേസ് പരിഗണിച്ചത്. കേസിൽ പിണറായി വിജയൻ ഉൾപ്പെടെ മൂന്നുപേരെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു. ഇതിനെതിരെയാണ് സി.ബി.ഐ അപ്പീൽ നൽകിയത്. വിചാരണ നേരിടണമെന്ന് നേരത്തെ വിധി വന്നവരുടെ അപ്പീലുകളും കോടതിയുടെ പരിഗണനയിലാണ്.
പന്നിയാർ, ചെങ്കുളം, പള്ളിവാസൽ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്എൻസി ലാവലിൻ കമ്പനിയുമായി കരാറുണ്ടാക്കിയതിൽ ക്രമക്കേടുണ്ടായെന്നും ഇതുവഴി 86.25 കോടിയുടെ നഷ്ടം സംഭവിച്ചെന്നുമാണ് കേസ്.