Connect with us

Kerala

പഠിക്കാതെ പരീക്ഷയെഴുതാമെന്നത് ഇനി സ്വപ്‌നം മാത്രം; ‘അടവ്’ കാണിച്ചാൽ പത്ത് വർഷം ജയിലിൽ കിടക്കണം, പിഴ ഒരു കോടി

Published

on

Share our post

സ്കൂൾ കാലം മുതൽ തന്നെ വിദ്യാർത്ഥികൾക്ക് നേരിടേണ്ടി വരുന്ന ഒന്നാണ് പരീക്ഷകൾ. കോളേജ് എൻട്രൻസ്, ജോലിക്ക് വേണ്ടിയുള്ള പരീക്ഷകൾ, ഇനി ജോലിയുള്ളവരാണെങ്കിൽ പ്രൊമോഷന് വേണ്ടിയുള്ള പരീക്ഷകൾ അങ്ങനെ ഒരു വ്യക്തിയുടെ ജീവിതത്തിൽ നിരവധി തവണ പരീക്ഷകൾ എഴുതി പാസാകേണ്ട സന്ദ‌ർഭങ്ങൾ ഉണ്ടാകാറുണ്ട്. എന്നാൽ, കുറച്ച് നാളുകളായി പരീക്ഷയുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള വാർത്തകൾ നമ്മൾ കേട്ടുവരികയാണ്.

ചോദ്യപ്പേപ്പർ ചോർച്ച, പരീക്ഷയിൽ കൃത്രിമം കാട്ടുക, ഉത്തര കടലാസുകളിൽ കൃത്രിമം കാണിക്കൽ തുടങ്ങി നിരവധി കുറ്റകൃത്യങ്ങളാണ് പരീക്ഷയുമായി ബന്ധപ്പെട്ട് നടക്കുന്നത്. ആത്മാർത്ഥമായി പഠിച്ച് പരീക്ഷ എഴുതുന്നവരെ ഇത് വലിയ രീതിയിലാണ് ബാധിക്കുന്നത്. ഇക്കാരണത്താൽ തന്നെ അന്യായമായ മാർഗങ്ങൾ തടയുന്നതിന് വേണ്ടിയുള്ള ബില്ല് കഴിഞ്ഞ ദിവസം പാർലമെന്റിൽ അവതരിപ്പിച്ചിരുന്നു. പരീക്ഷയുമായി ബന്ധപ്പെട്ട കൃത്രിമങ്ങൾ തടയാൻ ബീഹാർ, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾ ചില നിയമങ്ങൾ കൊണ്ടുവന്നിട്ടുണ്ടായിരുന്നു. ഇതിന് പുറമേ കേന്ദ്രം ഇക്കാര്യത്തിൽ ശക്തമായ നിയമം കൊണ്ടുവരുമെന്നാണ് പ്രതീക്ഷ.

കരട് ബില്ലിൽ ഉൾപ്പെടുന്ന കാര്യങ്ങൾ

ചോദ്യപേപ്പർ ചോർത്തുന്നത് വ്യക്തികളോ വിദ്യാർത്ഥികളോ ആണെങ്കിൽ അവർക്ക് ഏറ്റവും കുറഞ്ഞത് മൂന്ന് മുതൽ അഞ്ച് വർഷം വരെ തടവ് ശിക്ഷയാണ് ബില്ലിൽ പറഞ്ഞിട്ടുള്ളത്. കുറ്റത്തിന്റെ കാഠിന്യം അനുസരിച്ച് പരമാവധി പത്ത് വർഷം വരെ ശിക്ഷ അനുഭവിക്കേണ്ടി വന്നേക്കാം. കൂടാതെ ഒരു കോടി രൂപ പിഴയടക്കേണ്ടിയും വരും.

 

ഇനി പരീക്ഷ നടത്തുന്ന സ്ഥാപനങ്ങളാണ് കുറ്റകൃത്യങ്ങൾ ചെയ്യുന്നതെങ്കിൽ അവർക്ക് ഒരു കോടി രൂപയും, നടത്തിയ പരീക്ഷയ്‌ക്ക് ചെലവായ മുഴുവൻ തുകയും ഇവരിൽ നിന്നും ഈടാക്കുന്നതുമാണ്. നാല് വർഷത്തേക്ക് പൊതു പരീക്ഷ നടത്തുന്നതിൽ നിന്ന് ആ സ്ഥാപനത്തെ വിലക്കുകയും ചെയ്യും.

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്‌സി), സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ്‌എസ്‌സി), റെയിൽവേ, ബാങ്കിംഗ്, കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് (സിയുഇറ്റി), നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് (നീറ്റ്), ജോയിന്റ് എൻട്രൻസ് ടെസ്റ്റ് (ജെഇഇ), നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) തുടങ്ങി എല്ലാ പരീക്ഷകളും ഈ ബില്ലിന് കീഴിൽ വരും. ”പൊതു പരീക്ഷാ സമ്പ്രദായങ്ങളിൽ കൂടുതൽ സുതാര്യതയും നീതിയും വിശ്വാസ്യതയും കൊണ്ടുവരാനും യുവാക്കളുടെ ആത്മാർത്ഥമായ പരിശ്രമങ്ങൾക്ക് ഫലം കണ്ട് അവരുടെ ഭാവി സുരക്ഷിതമാക്കാനും ഈ ബില്ല് സഹായിക്കും.”- ബില്ല് അവതരിപ്പിച്ചുകൊണ്ട് ശാസ്ത്ര സാങ്കേതിക മന്ത്രാലയ സഹമന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു.

 

പരീക്ഷകളിൽ സുതാര്യത മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകത

ബില്ല് പ്രകാരം, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള റിക്രൂട്ട്‌മെന്റിനും പ്രവേശനത്തിനും വേണ്ടിയുള്ള പരീക്ഷകളിൽ സുതാര്യത വർദ്ധിപ്പിക്കുന്നതിനായി സർക്കാർ നിരവധി പരിഷ്‌കാരങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. ചിലർ കൃത്രിമം കാണിച്ചതിന്റെ പേരിൽ പല സംസ്ഥാനങ്ങൾക്കും അവർ നടത്തിയ പൊതു പരീക്ഷാ ഫലങ്ങൾ റദ്ദാക്കേണ്ടി വന്നിട്ടുണ്ട്. ചില ചോദ്യപേപ്പർ ചോർന്ന സംഭവങ്ങൾക്ക് പിന്നിൽ വലിയ മാഫിയ തന്നെയുണ്ടെന്നാണ് കണ്ടെത്തൽ. നമ്മുടെ രാജ്യത്തുള്ള ദശലക്ഷക്കണക്കിന് യുവാക്കളുടെ ഭാവി അപകടത്തിലാക്കുന്ന ഇത്തരത്തിലുള്ളവരെ തടയാനും ഈ നിയമം വരുന്നതിലൂടെ സാധിക്കുമെന്നും ബില്ലിൽ പറയുന്നു.

ബില്ലിന്റെ പ്രസക്തി

രാജസ്ഥാനിൽ വ്യാപകമായ പരീക്ഷാ പേപ്പർ ചോർച്ച ഉണ്ടായത് തിരഞ്ഞെടുപ്പ് വിഷയമായി മാറിയിരുന്നു. ഇതോടെ ക്രമക്കേടുകൾ തടയാൻ പുതിയ നിയമം കൊണ്ടുവരാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. പത്ത് വർഷം തടവ് എന്നതിൽ നിന്ന് ഇവർക്കുള്ള ശിക്ഷ ജീവപര്യന്തം വരെയാക്കി ഉയർത്തുന്നതിനുള്ള ബില്ല് 2023 ജൂലായിൽ നിയമസഭ പാസാക്കി. അതുപോലെ, ഗുജറാത്ത്, യു പി സർക്കാരുകളും കഴിഞ്ഞ വർഷം കർശനമായ ശിക്ഷയും ഒരു കോടി രൂപ പിഴയും എന്ന നിയമം കൊണ്ടുവന്നിരുന്നു. ഇത്തരത്തിൽ നിയമം ശക്തമാക്കിയതിന് പിന്നാലെ വലിയ രീതിയിലുള്ള മാറ്റമാണ് ഈ സംസ്ഥാനങ്ങളിൽ വന്നിട്ടുള്ളത്. അതിനാൽ തന്നെ രാജ്യത്തുള്ള മുഴുവൻ വിദ്യാർത്ഥികൾക്കും ഉപകാരപ്രദമാകും എന്ന നിലയിൽ പരീക്ഷയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്ക് കേന്ദ്രം ശക്തമായ നിയമം കൊണ്ടുവരേണ്ടത് അനിവാര്യമാണ്.


Share our post

Kerala

മഴയെത്തുന്നു,അടുത്ത അഞ്ചുദിവസം കനത്ത ചൂടിന് ആശ്വാസമാകുമെന്ന് കാലാവസ്ഥാ പ്രവചനം

Published

on

Share our post

കനത്ത ചൂടിനാശ്വാസമായി കേരളത്തില്‍ നേരിയ മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.ഇന്ന് ആറ് ജില്ലകളില്‍ നേരിയ മഴ ലഭിച്ചേക്കാമെന്നാണ് അറിയിപ്പ്. കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട് കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് മഴ ലഭിക്കാൻ സാദ്ധ്യതയുള്ളത്.

ഫെബ്രുവരി 23: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം

ഫെബ്രുവരി 24: കണ്ണൂർ, കാസർകോട്

ഫെബ്രുവരി 25: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി

ഫെബ്രുവരി 26: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് നേരിയ മഴയ്ക്കുള്ള സാദ്ധ്യതയുള്ളത്.

കന്യാകുമാരി തീരത്ത് നാളെ ഉച്ചയ്ക്ക് 02.30 മുതല്‍ രാത്രി 11.30 വരെ 0.9 മുതല്‍ 1.0 മീറ്റർ വരെ ഉയർന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാദ്ധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. എന്നാല്‍ കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല.

കടലാക്രമണത്തിന് സാദ്ധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നാണ് അറിയിപ്പ്.

🔴 കടല്‍ക്ഷോഭം രൂക്ഷമാകാൻ സാദ്ധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.

🔴 ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.

🔴 കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാദ്ധ്യതയുള്ള ഘട്ടത്തില്‍ കടലിലേക്ക് മത്സ്യബന്ധന യാനങ്ങള്‍ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. ആയതിനാല്‍ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തില്‍ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.

🔴 ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകള്‍ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുള്‍പ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളിലും ശ്രദ്ധ പുലർത്തേണ്ടതാണ്.

🔴 മത്സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാർബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാദ്ധ്യത ഒഴിവാക്കാം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

🔴 ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.

🔴 തീരശോഷണത്തിനു സാദ്ധ്യതയുള്ളതിനാല്‍ പ്രത്യേകം ജാഗ്രത പുലർത്തുക.


Share our post
Continue Reading

Kerala

വമ്പൻ വാഗ്ദാനം നൽകി ഭാര്യയും ഭർത്താവും കൂടി തട്ടിയെടുത്തത് 44 ലക്ഷം, ഭർത്താവ് പിടിയിൽ

Published

on

Share our post

കൽപ്പറ്റ: യു കെയിലേക്ക് കെയർ ടേക്കർ വിസ ശരിയാക്കി നൽകാമെന്ന് വിശ്വസിപ്പിച്ച് തിരുവനന്തപുരം സ്വദേശിനിയിൽ നിന്നും 44 ലക്ഷം രൂപ തട്ടിയ കേസിൽ വയനാട് സ്വദേശിയെ അറസ്റ്റ് ചെയ്‌തു. മുട്ടിൽ എടപ്പട്ടി കിഴക്കേപുരക്കൽ ജോൺസൺ സേവ്യർ (51) ആണ് അറസ്റ്റിലായത്. വെള്ളിയാഴ്ച ഉച്ചയോടെ കോഴിക്കോട് വെച്ചാണ് കൽപ്പറ്റ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. സേവ്യറിന്റെ ഭാര്യയും കേസിലെ ഒന്നാം പ്രതിയുമായ അന്ന ഗ്രേസ് ഓസ്റ്റിനെ പിടികൂടാനായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.

2023 ഓഗസ്റ്റ് മുതൽ 2024 മെയ് വരെയുള്ള കാലയളവിലാണ് 4471675 ലക്ഷം രൂപ സേവ്യറും ഭാര്യയും കൂടെ തിരുവനന്തപുരം, ആറ്റിങ്ങൽ സ്വദേശിനിയിൽ നിന്നും ബന്ധുക്കളിൽ നിന്നുമായി തട്ടിയെടുത്തത്. ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്‌, യൂട്യൂബ് എന്നിങ്ങനെയുള്ള സോഷ്യൽ മീഡിയ പേജുകൾ വഴിയുള്ള പരസ്യം കണ്ടാണ് ഇവരുമായി യുവതി ബന്ധപ്പെടുന്നത്. ഓട്ടിസം ബാധിച്ച കുട്ടിക്ക് യു കെയിൽ മികച്ച ചികിത്സാ സൗകര്യം ഒരുക്കി നൽകുമെന്നും കുടുംബത്തോടൊപ്പം അവിടെ താമസിക്കാമെന്നും വാഗ്ദാനം നൽകിയായിരുന്നു തട്ടിപ്പ്.

സംസ്ഥാനത്ത് വേറെയും ആളുകൾ ഇവരുടെ വലയിൽ അകപ്പെട്ടിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്. ജില്ല പൊലീസ് മേധാവിയുടെ നിർദേശപ്രകാരം ഡി വൈ എസ്‌ പി ഷൈജു പി എല്ലിന്‍റെ മേൽനോട്ടത്തിൽ ഇൻസ്പെക്ടർ എസ് എച്ച് ഒ ബിജു ആന്‍റണി, എസ് ഐ രാംകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഗിരിജ, അരുൺ രാജ്, സിവിൽ പൊലീസ് ഓഫീസർമാരായ ദിലീപ്, ലിൻ രാജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കേസിലെ ഒന്നാം പ്രതിയായ അന്ന ഗ്രേസ് ഓസ്റ്റിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.


Share our post
Continue Reading

Kerala

386 കിലോ മീറ്റർ റോഡിന്റെ നവീകരണത്തിന് 357 കോടി രൂപയുടെ ഭരണാനുമതി

Published

on

Share our post

തിരുവനന്തപുരം: ശബരിമല പാക്കേജിൽ ഉൾപ്പെടുത്തി വിവിധ ജില്ലകളിലായി 79 റോഡുകളുടെ നവീകരണത്തിനും പുനരുദ്ധാരണത്തിനുമായി 356.97 കോടി രൂപയുടെ പ്രവൃത്തികൾക്ക് പൊതുമരാമത്ത് വകുപ്പ് ഭരണാനുമതി നൽകി. പദ്ധതി വിഹിതം ഉപയോഗിച്ച് 67 റോഡുകൾക്കായി 326.97 കോടി രൂപയുടേയും പദ്ധതിയേതര വിഭാഗത്തിൽ 12 റോഡുകൾക്കായി 30 കോടി രൂപയുടേയും പ്രവൃത്തിയാണ് നടത്തുക. ആകെ 386 കിലോ മീറ്ററോളം റോഡിന്റെകൂടി നവീകരണത്തിനാണ് ഇതോടെ വഴിതെളിഞ്ഞിരിക്കുന്നത്.

രണ്ടു വിഭാഗങ്ങളിലുമായി തിരുവനന്തപുരം ജില്ലയിൽ 15 റോഡുകൾക്കാണ് തുക അനുവദിച്ചിട്ടുള്ളത്. 76 കോടി രൂപ മുടക്കി 70 കിലോ മീറ്ററോളം റോഡ് ജില്ലയിൽ നവീകരിക്കും. കൊല്ലം ജില്ലയിൽ ആകെ 75 കിലോ മീറ്ററോളം ദൈർഘ്യത്തിൽ 13 റോഡുകൾക്കായി 58.7 കോടി രൂപയും ആലപ്പുഴ ജില്ലയിൽ ആകെ 35 കിലോ മീറ്റർ ദൈർഘ്യത്തിൽ എട്ട് റോഡുകൾക്കായി 35.85 കോടി രൂപയും അനുവദിച്ചു. കോട്ടയം ജില്ലയിൽ എട്ടു റോഡുകളിലായി 24 കിലോ മീറ്ററാണ് നവീകരിക്കുക. ഇതിനായി 30.35 കോടി രൂപയ്ക്കാണ് ഭരണാനുമതി നൽകിയിട്ടുള്ളത്. എറണാകുളം ജില്ലയിൽ ഒൻപത് റോഡുകൾക്കായി 33.8 കോടി രൂപ അനുവദിച്ചു. 44 കിലോ മീറ്ററിന്റെ നവീകരണത്തിനാണ് ഈ തുക.

പദ്ധതി വിഭാഗത്തിൽ ഇടുക്കി ജില്ലയിൽ നാലു റോഡുകളാണ് നവീകരിക്കുന്നത്. ആകെ 40.77 കിലോ മീറ്ററിന് 35.5 കോടി രൂപയുടെ ഭരണാനുമതി നൽകി. തൃശൂർ ജില്ലയിൽ ആകെ 31 കിലോ മീറ്റർ വരുന്ന എട്ടു റോഡുകൾ നവീകരിക്കാൻ 30.12 കോടിയും പാലക്കാട് ജില്ലയിൽ ഏഴു റോഡുകളിലായി 30.5 കിലോ മീറ്ററിന് 26.15 കോടി രൂപയും അനുവദിച്ചു.മിക്കവാറും റോഡുകളുടെ പുനരുദ്ധാരണം ബി.എം.ബി.സി. നിലവാരത്തിലും ബി.സി. ഓവർലേയിലുമാണ് പൂർത്തിയാക്കുക. കേരളത്തിലെ റോഡുകളുടെ നിലവാരം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ റോഡുകളുടെ നവീകരണത്തിന് പണം അനുവദിച്ചതെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. എത്രയും വേഗത്തിൽ ടെൻഡർ നടപടികൾ പൂർത്തിയാക്കി ഇവയുടെ നവീകരണപ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.


Share our post
Continue Reading

Trending

error: Content is protected !!