ഹൈ റിച്ച് തട്ടിപ്പ്; നിക്ഷേപകരുടെ വിവരങ്ങള്‍ തേടി ഇഡി

കൊച്ചി: ഹൈ റിച്ച് ഓണ്‍ലൈന്‍ തട്ടിപ്പ് കേസില്‍ നിക്ഷേപകരുടെ വിവരങ്ങള്‍ തേടി എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്. കോടികളുടെ തട്ടിപ്പ് പുറത്തുവന്നിട്ടും പരാതിക്കാര്‍ രംഗത്തു വരാത്ത പശ്ചാത്തലത്തിലാണ് നടപടി.
ഒരു കോടിയോളം നിക്ഷേപകരില്‍ നിന്നായി 1693 കോടി രൂപയാണ് മണി ചെയിന്‍ മാതൃകയില്‍ ഹൈ റിച്ച് കമ്പനി ഉടമകള്‍ കൈക്കലാക്കിയത്. രണ്ട് ഡോളറിന്റെ ഹൈ റിച്ച് കോയിന് എടുത്താന്‍ പത്ത് ഡോളറാക്കി മാസം തിരിച്ച് നല്‍കുമെന്നായിരുന്നു വാഗ്ദാനം.
കമ്പനിയുടെ വാഗ്ദാനം വിശ്വസിച്ച് സ്വദേശത്തും വിദേശത്തു നിന്നുമായി പലരും ലക്ഷക്കണക്കിന് രൂപ നിക്ഷേപിച്ചു. എന്നാല്‍ തട്ടിപ്പ് പുറത്തുവന്നിട്ടും കമ്പനി ഉടമകള്‍ മുങ്ങിയിട്ടും പരാതിക്കാര്‍ മുന്നോട്ട് വന്നിട്ടില്ല. ഈ സാഹചര്യത്തിലാണ് പരാതിക്കാരുടെ വിവരങ്ങള്‍ തേടുന്നത്.
അതേ സമയം കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി കമ്പനി ഉടമകളായ കെ.ഡി. പ്രതാപന്, ഭാര്യ ശ്രീന എന്നിവര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ചേര്‍പ്പ് പൊലീസ് എടുത്ത കേസ് വ്യാജമാണെന്നും റദ്ദാക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.
ഇതിനിടെ പണം തിരിച്ച് നല്കി കേസ് ഒത്തുതീര്‍പ്പാക്കാനും അന്വേഷണം അട്ടിമറിക്കാനും പ്രതികള്‍ ഒളിവിലിരുന്ന് നീക്കം നടത്തുന്നതായി ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്.