കേരള പൊലീസില്‍ പുതിയ സൈബര്‍ ഡിവിഷന്‍; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Share our post

കേരള പൊലീസില്‍ പുതുതായി രൂപവത്ക്കരിച്ച സൈബര്‍ ഡിവിഷന്റെ ഉദ്ഘാടനം ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. രാവിലെ 10.30ന് തിരുവനന്തപുരം തൈക്കാട് പൊലീസ് ട്രെയിനിംഗ് കോളേജില്‍ നടക്കുന്ന ചടങ്ങിലാണ് ഉദ്ഘാടനം. ആന്റണി രാജു എം.എല്‍.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സംസ്ഥാന പൊലീസ് മേധാവി ഡോ. ഷേയ്ഖ് ദര്‍വേഷ് സാഹിബ്, മറ്റ് മുതിര്‍ന്ന പൊലീസ് ഓഫീസര്‍മാര്‍ എന്നിവര്‍ പങ്കെടുക്കും.

സൈബര്‍ ബോധവല്‍ക്കരണത്തിനായി കേരള പൊലീസ് തയ്യാറാക്കിയ ഹ്രസ്വചിത്രങ്ങളുടെ പ്രകാശനം എം.എല്‍.എ നിര്‍വഹിക്കുംരാജ്യത്തെ ഏറ്റവും മികച്ച ഒമ്പതാമത്തെ പൊലീസ് സ്റ്റേഷനായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം തിരഞ്ഞെടുത്ത മലപ്പുറം കുറ്റിപ്പുറം പൊലീസ് സ്റ്റേഷന്റെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്കും പൊലീസ് ഉദ്യോഗസ്ഥര്‍ക്കും സംസ്ഥാനത്തെ ഏറ്റവും മികച്ച പൊലീസ് സ്റ്റേഷനുമുള്ള ട്രോഫിയും സര്‍ട്ടിഫിക്കറ്റും മുഖ്യമന്ത്രി പിണറായി വിജയന്‍ വിതരണം ചെയ്യും.

വര്‍ദ്ധിച്ചുവരുന്ന സൈബര്‍ അതിക്രമങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് കേരള പൊലീസില്‍ പുതിയതായി സൈബര്‍ ഡിവിഷന്‍ ആരംഭിക്കുന്നത്. സൈബര്‍ ഓപ്പറേഷന്‍ ചുമതലയുള്ള ഐ.ജിയുടെ കീഴില്‍ 465 പൊലീസ് ഉദ്യോഗസ്ഥരാണ് ഈ വിഭാഗത്തില്‍ ഉണ്ടാവുക. ഇന്‍വെസ്റ്റിഗേഷന്‍ ഹെല്‍പ്പ് ഡെസ്‌കുകള്‍, ഗവേഷണപഠന സംവിധാനങ്ങള്‍, പരിശീലനവിഭാഗം, സൈബര്‍ പട്രോളിങ് യൂണിറ്റുകള്‍, സൈബര്‍ ഇന്റലിജന്‍സ് വിഭാഗം എന്നിവയാണ് സൈബര്‍ ഡിവിഷന്റെ ഭാഗമായി നിലവില്‍ വരുന്നത്. ഇതോടെ, രാജ്യത്തിന് അകത്തും പുറത്തും കേന്ദ്രീകരിച്ച് നടക്കുന്ന ഓണ്‍ലൈന്‍ സൈബര്‍ തട്ടിപ്പുകേസുകള്‍ വിദഗ്ധമായി അന്വേഷിക്കാന്‍ കേരള പൊലീസിനു കഴിയും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!