അമ്പായത്തോടിൽ ചിക്കൻ സ്റ്റാളിൽ മദ്യവില്പന; ഒരാൾ പിടിയിൽ

പേരാവൂർ : കൊട്ടിയൂർ അമ്പായത്തോട് ടൗണിൽ മലയൻസ് ചിക്കൻ സ്റ്റാളിൻ്റെ മറവിൽ അനധികൃത മദ്യവില്പന നടത്തിയയാളെ പേരാവൂർ എക്സൈസ് പിടികൂടി. താഴെ പാൽച്ചുരത്തെ ഇലവുങ്കുടിയിൽ വീട്ടിൽ കുഞ്ഞാവ എന്ന ഡിജോ ഡേവിഡാണ് (35) പേരാവൂർ എക്‌സൈസിന്റെ പിടിയിലായത്. എക്സൈസ് ഇൻ്റലിജൻസ് ബ്യൂറോ പ്രിവൻ്റീവ് ഓഫീസർ സുകേഷ് വണ്ടിച്ചാലിൽ നൽകിയ രഹസ്യവിവരത്തെ തുടർന്ന് അമ്പായത്തോട് – പറങ്കിമല റോഡിലെ ചിക്കൻ സ്റ്റാളിൽ നടത്തിയ പരിശോധനയിൽ ഇന്ത്യൻ നിർമിത വിദേശ മദ്യവും മദ്യം വിറ്റ പണവും പിടിച്ചെടുത്തു.
കൂത്തുപറമ്പ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. അസി. എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) എം.ബി. സുരേഷ് ബാബുവിൻ്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ അസി. എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) എൻ.പത്മരാജൻ, ഗ്രേഡ് പ്രിവന്റിവ് ഓഫീസർമാരായ സി.എം. ജയിംസ്, ശ്രീധരൻ ചെന്നപ്പൊയിൽ, ഷീജ കാവളാൻ, സി. ധനീഷ് എന്നിവർ പങ്കെടുത്തു.