പ്രതിവാര ഭാഗ്യക്കുറി ടിക്കറ്റുകളുടെ സീരീസ് വർധിപ്പിക്കുന്നു; 30000 പേർക്ക് കൂടി തൊഴിലവസരം

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയിൽ അടിമുടി മാറ്റം വരുത്തുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി. പ്രതിവാര ടിക്കറ്റുകളുടെ സീരീസ് വർധിപ്പിക്കും. ഇതുവഴി 30000 പേർക്ക് തൊഴിലവസരം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പുതുതായി ഏജൻസി എടുക്കുന്നവർക്കും ചെറുകിട വിൽപനക്കാർക്കും പ്രതിവാര ഭാഗ്യക്കുറി ടിക്കറ്റുകൾ ആവശ്യത്തിന് ലഭ്യമാകാത്ത സാഹചര്യം നിലനിൽക്കുന്നുണ്ട്. സമ്മാന ഘടനയും പരിഷ്‌കകരിക്കും.
സർക്കാർ ഓഫീസുകൾ ഭിന്നശേഷി സൗഹൃദമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കീഴിൽ വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന ജില്ലാ ഓഫീസുകൾ, സബ് ഓഫീസുകൾ എന്നിവ പുർണ്ണമായും ഭിന്നശേഷി സൗഹൃദമാക്കണം.
ഇതിനായി മുകൾ നിലകളിൽ പ്രവർത്തിക്കുന്ന ഓഫീസുകൾ താഴത്തെ നിലകളിലേക്ക് മാറണം. ഇതിന് വേണ്ടുന്ന സ്ഥലസൗകര്യം ഉറപ്പുവരുത്തുന്നതിനായി പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട് പരിശോധന നടത്തി നടപടികൾ സ്വീകരിക്കും – മന്ത്രി വ്യക്തമാക്കി.