പേ.ടി.എമ്മിനുവേണ്ടി പിടിവലി: എച്ച്.ഡി.എഫ്‌.സി ബാങ്കും ജിയോയും രംഗത്തെന്ന് റിപ്പോര്‍ട്ട്

Share our post

ഉപഭോക്താക്കളുടെ അക്കൗണ്ട് ഇടപാടുകള്‍ ആര്‍.ബി.ഐ വിലക്കിയതോടെ പ്രതിസന്ധി നേരിട്ട പേടിഎമിനെ ഏറ്റെടുക്കാന്‍ വിപണിയില്‍ പിടിവലിയെന്ന് റിപ്പോര്‍ട്ട്. എച്ച്.ഡി.എഫ്‌.സി ബാങ്കും മുകേഷ് അംബാനിയുടെ ബാങ്കിതര ധനകാര്യ സ്ഥാപനമായ ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസുമാണ് അണിയറയിലെന്നാണ് സംസാരവിഷയം. റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ഓഹരി വിലയില്‍ 14 ശതമാനം കുതിപ്പ് രേഖപ്പെടുത്തി.

എച്ച്.ഡി.എഫ്‌.സി ബാങ്കും ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസും പേ.ടി.എമിന്റെ വാലറ്റ് ബിസിനസ് ഏറ്റെടുക്കാന്‍ മുന്‍നിരയിലുണ്ടെന്ന് ബിസിനസ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പേടി.എം സി.ഇ.ഒ വിജയ് ശേഖര്‍ ശര്‍മയുടെ സംഘം കഴിഞ്ഞ നവംബര്‍ മുതല്‍ ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസുമായി ചര്‍ച്ചകള്‍ നടത്തിവരുന്നതായി പറയുന്നു. അതേസമയം, എച്ച്.ഡി.എഫ്‌.സി ബാങ്കുമായി ചര്‍ച്ച ആരംഭിച്ചത് വിലക്ക് വരുന്നതന് തൊട്ടുമുമ്പാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കള്ളപ്പണമിടപാട് നടത്തുന്നതിന് സ്ഥാപനത്തെ ഉപയോഗിച്ചോ എന്ന് പരിശോധിക്കുമെന്ന് അന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതേസമയം പേ.ടി.എം ഇക്കാര്യം നിഷേധിക്കുകയും ചെയ്തിട്ടുണ്ട്. ഏതായാലും ആര്‍.ബി.ഐയുടെ വിലക്കിനുശേഷം മൂന്നു ദിവസംകൊണ്ട് പേ.ടി.എമ്മിന്റെ ഓഹരി വിലയില്‍ 42 ശതമാനമാണ് ഇടിവ് നേരിട്ടത്.

ആശങ്കപ്പെടേണ്ടതില്ലെന്ന് പേ.ടി.എം പേയ്‌മെന്റ് ബാങ്കിലെ ജീവനക്കാരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സിഇഒ വിജയ് ശേഖര്‍ ശര്‍മ പറഞ്ഞു. വിലക്കിന് പിന്നിലെ യഥാര്‍ഥ കാരണങ്ങള്‍ കണ്ടെത്തി പ്രതിസന്ധി പരിഹരിക്കാന്‍ ആര്‍.ബി.ഐയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഫെബ്രുവരി 29നാണ് ആര്‍.ബി.ഐയുടെ വിലക്ക് പ്രാബല്യത്തില്‍ വരിക. അതിനുശേഷവും പേ.ടി.എം ആപ്പ് പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആര്‍.ബി.ഐയുടെ നിര്‍ദേശം പേടിഎം പേയ്‌മെന്റ് ബാങ്കിനെ മാത്രമെ ബാധിക്കൂ. വിലക്ക് തുടര്‍ന്നാലും പേ.ടി.എം ആപ്പുവഴി യു.പി.ഐ ഇടപാടുകള്‍ സാധ്യമാകും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!