ആടിനെ മോഷ്ടിച്ചു വിറ്റ കേളകം സ്വദേശികളായ നാല് പേർ അറസ്റ്റിൽ

തലപ്പുഴ: ആടിനെ മോഷ്ടിച്ച് വില്പന നടത്തിയ കേളകം അടയ്ക്കാത്തോട് സ്വദേശികളായ നാല് പേർ തലപ്പുഴ പോലീസിന്റെ പിടിയിൽ. അടയ്ക്കാത്തോട് പുതുപ്പറമ്പിൽ സക്കീർ (35), ആലിമേലിൽ ജാഫർ സാദിഖ് (23), മരുതകത്ത് ബേബി (60), ഉമ്മറത്ത് പുരയിൽ ഇബ്രാഹിം (54) എന്നിവരാണ് പിടിയിലായത്.തലപ്പുഴ പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെടുന്ന പേരിയ ഭാഗത്തുനിന്നും ആടിനെ മോഷ്ടിച്ച് അടയ്ക്കാത്തോട് എത്തിച്ച് വിൽപ്പന നടത്തിയ നാൽവർ സംഘത്തെയാണ് തലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്.
ഉടമസ്ഥന്റെ പരാതിയെ തുടർന്ന് പോലീസ് പരിശോധനയിൽ സി.സി.ടി.വി ദൃശ്യങ്ങളും മറ്റും പരിശോധിച്ച് മോഷണത്തിനുപയോഗിച്ച വാഹനങ്ങൾ തിരിച്ചറിയുകയായിരുന്നു. ഇക്കാര്യത്തെ പറ്റി സൂചന ലഭിച്ച പ്രതികൾ ഇടനിലക്കാരെ വെച്ച് ഒത്ത് തീർപ്പിനായി ശ്രമം ആരംഭിച്ചു. എന്നാൽ പോലീസ് തന്ത്രപൂർവ്വം ഒത്ത് തീർപ്പിനെന്ന പോലെ വിളിച്ചു വരുത്തി പ്രതികളെ വലയിലാക്കുകയായിരുന്നു. മോഷണത്തിനുപയോഗിച്ച ഓട്ടോറിക്ഷയും ഗുഡ്സ് വാഹനവും കസ്റ്റഡിയിലെടുത്തു. കുടുംബശ്രീ ലോണിലൂടെയും മറ്റും ജീവിത മാർഗം കണ്ടെത്തുന്നതിനായി ആടുകളെ വാങ്ങി പോറ്റുന്ന സാമ്പത്തികമായി പിന്നാക്കമുള്ള കുടുംബങ്ങളിൽ നിന്നുമാണ് ഇവർ ആടുകളെ മോഷ്ടിച്ചത്.
ആറളത്തു നിന്നും സമാനമായ രീതിയിൽ പരാതിയുണ്ട്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.