നിർമിച്ചിട്ട് അഞ്ചുവർഷം: വട്ടോളിപ്പാലം ഉടൻകരതൊടും

ചിറ്റാരിപ്പറമ്പ് : അഞ്ചുവർഷം മുൻപ് നിർമാണം പൂർത്തിയായ അക്കര വട്ടോളി പാലം കരതൊടാൻ ഇനി അധികനാൾ വേണ്ടിവരില്ല. പാലത്തിന്റെ അനുബന്ധ റോഡ് നിർമാണം തുടങ്ങിയതോടെ പ്രതീക്ഷയിലാണ് നാട്ടുകാർ.
ഗ്രാമപ്പഞ്ചായത്ത് രണ്ടാം വാർഡിലെ വട്ടോളി പുഴയ്ക്ക് കുറുക കോടികൾ ചെലവിട്ട് നിർമിച്ച പുതിയ പാലത്തിലേക്കുള്ള അനുബന്ധ റോഡ് നിർമാണം സാങ്കേതിക കുരുക്കിൽപെട്ടതോടെ പാലം നാട്ടുകാർക്ക് ഉപകരിച്ചിരുന്നില്ല.
പുതുക്കിയ റോഡ് പദ്ധതി കിഫ്ബി അംഗീകരിച്ചതോടെയാണ് റോഡ് നിർമാണത്തിലെ തടസ്സം മാറിയത്. വട്ടോളിപ്പുഴ റോഡിൽനിന്ന് തുടങ്ങുന്ന പാലം അക്കര വട്ടോളി കോട്ടയിൽ-പരുമ കവലയിലാണ് എത്തുക.
78 മീറ്റർ നീളവും 11 മീറ്റർ വീതിയുമുണ്ട് പാലത്തിന്. ഇരുവശവും ഒന്നര മീറ്റർ വീതിയിൽ നടപ്പാതയും ഉണ്ട്. നിർമാണം പൂർത്തിയായ പാലത്തിലേക്ക് വട്ടോളി ഭാഗത്തുനിന്ന് 290 മീറ്ററും അക്കര വട്ടോളി ഭാഗത്ത് 120 മീറ്റർ നീളത്തിലും 10 മീറ്റർ വീതിയിലുമാണ് അനുബന്ധ റോഡ് നിർമിക്കുന്നത്.
വട്ടോളി ഭാഗത്തെ അനുബന്ധ റോഡ് നിർമാണത്തിന്റെ ഭാഗമായി റോഡിന് ഇരുവശവും കോൺക്രീറ്റ് ഓവുചാലുകൾ നിർമിച്ച് റോഡ് ഉയർത്തുന്ന പ്രവൃത്തിയാണ് നടക്കുന്നത്. അക്കര വട്ടോളി ഭാഗത്ത് ഒൻപത് മീറ്റർ ഉയരമുള്ള പാലത്തിന്റെ അനുബന്ധ റോഡിന്റെ രൂപരേഖയിലുണ്ടായ സാങ്കേതിക പ്രശ്നമാണ് പ്രവൃത്തി വൈകാൻ കാരണമായത്.
കേരള റോഡ് ഫണ്ട് ബോർഡ് അധികൃതർ തയ്യാറാക്കിയ പുതുക്കിയ രൂപരേഖ പ്രകാരം പാലം എത്തിച്ചേരുന്ന അക്കര വട്ടോളി കവലയിൽ ബോക്സ് കലുങ്ക് നിർമിച്ച് അടിപ്പാത ഒരുക്കും.
പഴയ നടപ്പാലം വഴി വരുന്ന ചെറിയ വാഹനങ്ങൾക്ക് പരുമ റോഡിലേക്ക് പോകാൻ ഇതുവഴി കഴിയും.
പാലത്തിൽനിന്ന് കോട്ടയിൽ റോഡിലേക്കാണ് അനുബന്ധ റോഡ് നിർമിക്കുക. തടസ്സമായ എച്ച്.ടി. വൈദ്യുതത്തൂണുകൾ മാറ്റിസ്ഥാപിച്ചു.
ബോക്സ് കലുങ്കിന്റെ പ്രവൃത്തി നടക്കുന്നു
,67,48,265 കോടി രൂപ ചെലവിട്ട് ഗ്രാവിറ്റി ഇൻഫ്രാ സ്ട്രക്ചർ ഡിവലപ്പേഴ്സാണ് നിർമാണം നടത്തുന്നത്. ഒൻപതുമാസം കൊണ്ട് പണി പൂർത്തിയാക്കണം.
മാലൂർ-ചിറ്റാരിപ്പറമ്പ് പഞ്ചായത്തുകളെ ബന്ധപ്പെടുത്തുന്ന കോട്ടയിൽ-കുണ്ടേരിപ്പൊയിൽ പാലം പത്തുമാസം കൊണ്ട് യാഥാർഥ്യമായെങ്കിലും വട്ടോളി പാലത്തിന് അനുബന്ധ റോഡ് ഇല്ലാത്തതിനാൽ ചിറ്റാരിപ്പറമ്പ് ഭാഗത്തുനിന്ന് വരുന്ന വലിയ വാഹനങ്ങൾക്ക് വട്ടോളി പാലം ഉപകരിക്കാതായിരുന്നു.