ഒരൊറ്റ യാത്രയില്‍ ഡല്‍ഹി, ആഗ്ര, രാജസ്ഥാന്‍; കോഴിക്കോട് നിന്ന് പാക്കേജുമായി ഐ.ആര്‍.സി.ടി.സി

എല്ലാ സഞ്ചാരികളും മനസ്സില്‍ താലോലിക്കുന്ന സ്വപ്‌നമാണ് ഡല്‍ഹി, ആഗ്ര, രാജസ്ഥാന്‍ യാത്രകള്‍. എത്രകണ്ടാലും തീരാത്ത അമൂല്യമായ കാഴ്ചകളുള്ള ഈ നാടുകളിലേക്ക് ഒറ്റ യാത്രയില്‍ പോയിവരാന്‍ സാധിച്ചാലോ. അതും യാത്രയുടെ ബുദ്ധിമുട്ടുകളൊന്നും അറിയാതെ കോഴിക്കോട്ട് നിന്ന്. ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ (ഐ.ആര്‍.സി.ടി.സി)യാണ് സഞ്ചാരികള്‍ക്കായി ഈ യാത്രാ പാക്കേജ് അവതരിപ്പിച്ചിരിക്കുന്നത്.
ഗോള്‍ഡന്‍ ട്രയാംഗിള്‍ എന്നാണ് ഈ പാക്കേജിന്റെ പേര്. കോഴിക്കോട് നിന്ന് ആരംഭിച്ച് കോഴിക്കോട് തന്നെ തിരിച്ചെത്തുന്ന രീതിയിലാണ് പാക്കേജ് ക്രമീകരിച്ചിരിക്കുന്നത്. ആറ് രാത്രിയും ഏഴ് പകലും നീണ്ടുനില്‍ക്കുന്ന യാത്ര മാര്‍ച്ച് 30ന് രാത്രി ആരംഭിക്കും. കോഴിക്കോട് നിന്ന് വിമാനമാര്‍ഗം പുറപ്പെട്ട് രാത്രി ഒരുമണിയോടെ ഡല്‍ഹിയിലെത്തും. രാവിലെ റെഡ് ഫോര്‍ട്ട് രാജ്ഘട്ട്, ഇന്ത്യാ ഗേറ്റ്, ഗാന്ധി മെമ്മോറിയല്‍, ഇന്ദിരാഗാന്ധി മെമ്മോറിയല്‍, അക്ഷര്‍ധാം എന്നിവയും പിറ്റേദിവസം കുത്തബ് മിനാര്‍, ലോട്ടസ് ക്ഷേത്രം എന്നിവയും സന്ദര്‍ശിക്കും.
നാലാമത്തെ ദിവസം രാവിലെ ജയ്പൂരിലേക്ക് പോകും. രണ്ട് ദിവസം കൊണ്ട് ആംബര്‍ കോട്ടയും ഹവ മഹലും ജയ്പൂര്‍ നഗരവുമുള്‍പ്പടെ പ്രധാനപ്പെട്ട കാഴ്ചകളെല്ലാം കണ്ട ശേഷം ആഗ്രയിലേക്ക് തിരിക്കും. താജ്മഹലും, ഫത്തേപ്പൂര്‍ സിക്രിയും ആഗ്ര കോട്ടയുമെല്ലാം കണ്ട് മാര്‍ച്ച് അഞ്ച് വൈകിട്ട് 6.20ന് കോഴിക്കോട്ടേക്ക് വിമാനം കയറി 9.25ന് എത്തിച്ചേരും.
34300 രൂപ മുതല്‍ 48050 രൂപവരെയാണ് ഒരാള്‍ക്ക് ഈ യാത്രയ്ക്കായി വേണ്ട നിരക്ക്. വിമാന ടിക്കറ്റുകള്‍, രാവിലത്തെയും രാത്രിയിലെയും ഭക്ഷണം, ടൂര്‍ എസ്‌കോര്‍ട്ട് എന്നിവ ഉള്‍പ്പെടും. 30 പേര്‍ക്കാണ് ഈ ടൂറില്‍ സീറ്റുള്ളത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഐ.ആര്‍.സി.ടി.സി വൈബ്‌സൈറ്റുമായി ബന്ധപ്പെടാം.