കൊട്ടിയൂരിൽ ആദിവാസി കുടുംബം താമസിക്കുന്ന ഷെഡ് തീവെച്ച് നശിപ്പിച്ച ബന്ധു അറസ്റ്റില്‍

കൊട്ടിയൂര്‍: ആദിവാസി കുടുംബം താമസിക്കുന്ന ഷെഡ് തീവച്ചു നശിപ്പിച്ചു. വെങ്ങലോടി ആദിവാസി കോളനിയിലെ പുതിയവീട്ടില്‍ ചന്ദ്രനും കുടുംബവും താമസിക്കുന്ന ഷെഡാണ് ബന്ധുവും അയല്‍വാസിയുമായ പുതിയവീട്ടില്‍ അനീഷ് തീവച്ച് നശിപ്പിച്ചത്. ഷെഡ് പൂര്‍ണ്ണമായും കത്തി നശിച്ചു. അനീഷിനെ കേളകം പോലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച ഉണ്ടായ വഴക്കിനെ തുടര്‍ന്നാണ് തീയിട്ടതെന്നാണ് വിവരം. ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. വീട്ടുകാര്‍ സ്ഥലത്തില്ലാത്ത സമയത്താണ് ഷെഡിന് തീയിട്ടത്. ഷെഡിലുണ്ടായിരുന്ന വസ്ത്രങ്ങളും പാത്രങ്ങളും 30 കിലോ അരിയും മറ്റ് സാധനങ്ങളും കത്തി നശിച്ചു. ഓലയും ഷീറ്റും കൊണ്ടും നിര്‍മിച്ച ഷെഡിലാണ് ചന്ദ്രനും കുടുംബവും താമസിക്കുന്നത്.