രുചിയുടെ ലോകത്ത് 500 പേർക്ക് തൊഴിൽ; സംസ്ഥാനത്ത് 50 സീഫുഡ് കഫേ വരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് രുചിയുള്ള മത്സ്യ വിഭവങ്ങൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുന്ന സീഫുഡ് കഫേയിൽ മത്സ്യത്തൊഴിലാളി കുടുംബാംഗങ്ങൾക്ക് ജോലി. വിവിധ ജില്ലകളിലായി ആരംഭിക്കുന്ന 50 കഫേകളിലാണ് തൊഴിൽ അവസരം. ഇതിനായി മത്സ്യഫെഡിനെ ചുമതലപ്പെടുത്തി. ജനുവരിയിൽ വിഴിഞ്ഞം ആഴാംകുളത്ത് ആരംഭിച്ച കഫേയ്‌ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. തുടർന്നാണ് കൂടുതൽ കഫേ തുറക്കുന്നത്. ആദ്യഘട്ടത്തിൽ 14 ജില്ലയിലും ഓരോ കഫേ വീതം ആരംഭിക്കുമെന്ന് മത്സ്യഫെഡ് എം.ഡി പി. സഹദേവൻ പറഞ്ഞു. മൂന്നുമാസത്തിനകം ഇവ തുറക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഓരോ കഫേയിലും ചുരുങ്ങിയത് പത്തുവീതം തൊഴിലാളികളെ നിയമിക്കും. ഇത്തരത്തിൽ അമ്പത് കഫേകളിലായി 500 പേർക്ക് ജോലി ലഭിക്കും. മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വനിതകൾക്കായിരിക്കും മുൻഗണന. ഇവരെ ലഭിക്കാത്ത ഇടങ്ങളിൽ മാത്രമാകും പുരുഷന്മാർക്ക് അവസരം. മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ അഭ്യസ്‌തവിദ്യരായ വനിതകളെ കഫേകളിൽ മാനേജർ തസ്‌തികയിൽ ഉൾപ്പെടെ നിയമിക്കും. പരിശീലനം നൽകിയാകും ഇത്.
വിഴിഞ്ഞം ആഴാംകുളത്തെ കഫേയിൽ ഒമ്പത് വനിതകൾ ജോലി ചെയ്യുന്നുണ്ട്. എട്ടുപേരെകൂടി ഉടൻ എടുക്കും. ഉച്ചഭക്ഷണം മാത്രമാണ് കഫേയിലുള്ളത്. രാത്രിയിലും പ്രവർത്തിപ്പിക്കുന്നതിനാണ് കൂടുതൽ പേരെ നിയമിക്കുന്നത്. പ്രതിദിനം ശരാശരി 45000 രൂപയാണ് വരുമാനം. ഒന്നര ലക്ഷമെങ്കിലുമായി ഉയർത്താനാണ് ലക്ഷ്യമിടുന്നത്. എ.സി കഫേയിൽ വെജിറ്റേറിയൻ താലി ഊണിന് 100 രൂപയും ഊണിനും മീൻകറിക്കും 140 രൂപയുമാണ് വില. പത്ത് മീൻ വിഭവങ്ങളുമുണ്ട്. സമീപത്തെ ഫിഷിങ് ഹാർബറുകളിൽ നിന്നാണ് മീൻ എത്തിക്കുന്നത്.
സംസ്ഥാനത്ത് മത്സ്യഉൽപ്പാദനം വർധിച്ചിട്ടുണ്ട്. ജപ്പാൻ, അമേരിക്ക, യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്കാണ് കേരളത്തിൽനിന്നുള്ള മത്സ്യക്കയറ്റുമതി. അതേസമയം മത്സ്യവിഭവങ്ങൾക്ക് മികച്ച ആഭ്യന്തരവിപണിയുള്ള സാഹചര്യത്തിൽ അവ പ്രയോജനപ്പെടുത്താനാണ് മത്സ്യഫെഡിന്റെ ശ്രമം.