കണ്ണൂർ കെൽട്രോൺ ഇന്ത്യയിലെ ആദ്യ സൂപ്പർ കപ്പാസിറ്റർ ഉത്പാദനകേന്ദ്രമാകുന്നു

കണ്ണൂർ: കെൽട്രോൺ ഇന്ത്യയിലെ ആദ്യത്തെ വലിയ സൂപ്പർ കപ്പാസിറ്റർ ഉത്‌പാദനകേന്ദ്രമായി. വർഷങ്ങളുടെ ഗവേഷണഫലമായാണ് ഇത് വികസിപ്പിച്ചെടുത്തത്. നിലവിൽ ഇന്ത്യയിലെ ഇലക്ടോണിക്സ് ഉപകരണ നിർമാണ കമ്പനികൾ സൂപ്പർ കപ്പാസിറ്ററുകൾ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്താണ് ഉപയോഗിക്കുന്നത്.
സംസ്ഥാനസർക്കാർ കണ്ണൂർ കെൽട്രോണിന്റെ സൂപ്പർ കപ്പാസിറ്റർ ഉത്‌പാദനത്തിനായി 42 കോടിയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. ഇതിന്റെ ആദ്യ ഘട്ടമായി 18 കോടിയുടെ പദ്ധതി പൂർത്തിയാക്കി. 24 കോടിയുടെ രണ്ടാം ഘട്ട പദ്ധതി വരുംവർഷങ്ങളിൽ പൂർത്തിയാക്കും.
കമ്പനി പൂർണമായി ഉത്‌പാദനസജ്ജമാകുന്നതോടെ 63 കോടിയുടെ വാർഷിക വിറ്റുവരവും എട്ടുവർഷം പൂർത്തിയാകുന്നതോടെ 14 കോടിയുടെ വാർഷിക ലാഭവുമാണ് പ്രതീക്ഷിക്കുന്നത്. പ്രതിവർഷം 1.8 ദശലക്ഷം കപ്പാസിറ്റുകൾ ഉത്‌പാദിപ്പിക്കാൻ പ്ലാന്റ് സ്ഥാപിക്കും. വിപണിയിൽ പ്രതിവർഷം 100 ദശലക്ഷത്തിലധികം യൂണിറ്റുകൾ ആവശ്യമുണ്ടാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.
ആദ്യഘട്ടത്തിലുള്ള പ്രോജക്ടിന്റെ ഉദ്ഘാടനം ഉടൻ നടത്താനുള്ള തയ്യാറെടുപ്പിലാണ് കെൽട്രോൺ. കെൽട്രോൺ എം.ഡി. കെ.ജി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ എ.വി. സുധീറാണ് സൂപ്പർ കപ്പാസിറ്റർ ഉത്‌പാദനത്തിന് ചുക്കാൻ പിടിക്കുന്നത്.
ഒന്നാംഘട്ട പദ്ധതിയുടെ പ്രധാന ഘടകങ്ങൾ
*സൂപ്പർ കപ്പാസിറ്റർ ഉത്‌പാദനത്തിനാവശ്യമായ യന്ത്രസാമഗ്രികൾ ഒരുക്കി.
* 3.5 കോടി രൂപയുടെ ഡ്രൈ റൂമുകൾ
* അഞ്ചുകോടി രൂപയുടെ അത്യാധുനിക കെട്ടിടം നിർമിച്ചു.