രക്ഷിതാക്കളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത് ഒളിവില്‍ പോയ സ്‌കൂള്‍ ഉടമ വിമാനത്താവളത്തില്‍ പിടിയില്‍

മഞ്ചേരി: സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയായ സ്വകാര്യ സ്‌കൂൾ ഉടമ പിടിയിലായി. മഞ്ചേരിയിൽ പ്രവർത്തിച്ചിരുന്ന ‘സ്പ്രിങ് കോണ്ടിനെൻ്റൽ’ സ്കൂൾ ഉടമ കൊണ്ടോട്ടി അരിമ്പ്ര ഉള്ളിയേങ്ങൽ പെരിഞ്ചീരിത്തൊടി സയ്യിദ് ബദറുദ്ദുജയാണ് (52) വിദേത്ത് നിന്ന് മടങ്ങിവരുമ്പോൾ ശനിയാഴ്‌ച രാവിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെച്ച് പിടിയിലായത്. അഞ്ച് ലക്ഷംരൂപ നിക്ഷേപിച്ചാൽ വിദ്യാർഥികളുടെ പ്രതിമാസ ഫീസ് അടയ്ക്കേണ്ടതില്ലെന്ന വാഗ്ദാനം നൽകി രക്ഷിതാക്കളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ വിദേശത്ത് ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ.
സ്കൂൾ അടച്ചുപൂട്ടി ഒളിവിൽ പോയ പ്രതിക്കായി മഞ്ചേരി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.എം. ബിനീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് പ്രതിയെ മഞ്ചേരിയിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. പരാതിക്കാർ സ്റ്റേഷനിലെത്തി ഇയാളെ തിരിച്ചറിഞ്ഞു. രാത്രിയോടെ പ്രതിയെ മജിസ്ട്രേറ്റിന് മുൻപിൽ ഹാജരാക്കി.
നഗരത്തിൽ വർഷങ്ങളായി പ്രവർത്തിച്ചിരുന്ന സ്‌കൂളിൽ കെ.ജി. മുതൽ പത്താംതരം വരെ പഠിക്കാനായി ഒരുകുട്ടിക്ക് വർഷത്തേക്ക് 60,000 രൂപയായിരുന്നു ഫീസ്. അഞ്ചുലക്ഷം രൂപ മുൻകൂറായി നൽകുന്നവരുടെ മക്കൾക്ക് പത്താംതരം വരെ ഫീസില്ലാതെ പഠിക്കാനുള്ള പദ്ധതി 2017-ലാണ് തുടങ്ങിയത്. ഇങ്ങനെ ഒട്ടേറെ രക്ഷിതാക്കളിൽ നിന്ന് ബദറുദ്ദുജ ലക്ഷങ്ങൾ വാങ്ങിക്കൂട്ടി.
കുട്ടിയുടെ ട്രാൻസ്‌ഫർ സർട്ടിഫിക്കറ്റ് (ടി.സി) വാങ്ങുമ്പോൾ തുക തിരികെ നൽകുമെന്നായിരുന്നു വാഗ്‌ദാനം. എന്നാൽ ഇത് ലഭിക്കാതെ വരികയും പിന്നീട് സ്കൂൾ അടച്ച് പൂട്ടുകയും ചെയ്‌തതോടെ രക്ഷിതാക്കൾ മഞ്ചേരി പോലീസിൽ പരാതി നൽകുകയായിരുന്നു. വാടകക്കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്. കെട്ടിടമുടമയ്ക്ക് വാടകയിനത്തിലും സ്കൂൾ അധ്യാപകരിൽ ചിലർക്ക് ശമ്പളയിനത്തിലും വലിയ തുക ഇയാൾ നൽകാനുണ്ടെന്ന് പരാതി ഉയർന്നിരുന്നു.