ഇരിട്ടി താലൂക്ക് ആസ്പത്രി കെട്ടിടനിർമാണം അടുത്തമാസം തുടങ്ങും

ഇരിട്ടി : താലൂക്ക് ആസ്പത്രിയിൽ അടിസ്ഥാനസൗകര്യ വികസനം ലക്ഷ്യമാക്കി കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്ന ആറുനില കെട്ടിടസമുച്ചയത്തിന്റെ നിർമാണം അടുത്തമാസം ആരംഭിക്കുമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. പ്രവൃത്തി ടെൻഡർ ചെയ്തെങ്കിലും നിർമാണം ആരംഭിക്കാത്തതിൽ നിയമസഭയിൽ സണ്ണി ജോസഫ് എം.എൽ.എ. ഉന്നയിച്ച സബ്മിഷന് മറുപടി നൽകുകയായിരുന്നു മന്ത്രി. നിർമാണവുമായി ബന്ധപ്പെട്ട് നിലവിലുള്ള പേരായ്മകൾ പരിഹരിച്ചതായി മന്ത്രി പറഞ്ഞു.
64.01 കോടി രൂപ ചെലവിൽ നിർമിക്കുന്ന കെട്ടിടത്തിന് ആറുനിലകളിലായി 8737 ചതുരശ്രയടി വിസ്തീർണമുണ്ട്. 114 കിടക്കകളുടെ സൗകര്യം, റേഡിയോളജി വിഭാഗം, പരിശോധനാ മുറികൾ, എം.ഐ.സി.യു, ലാബ്, ഓപ്പറേഷൻ തിയേറ്റർ, പേവാർഡുകൾ, ഡോക്ടർമാരുടെ ക്വാർട്ടേഴ്‌സ്, ഫാർമസി, മോർച്ചറി, മെഡിക്കൽ റെക്കാഡ് റൂം എന്നിവ പുതിയ ബ്ലോക്കിലുണ്ടാകും.
നിലവിലുള്ള ഐ.പി. ബ്ലോക്കിന്റെയും കാഷ്വാലിറ്റി ബ്ലോക്കിന്റെയും നവീകരണവും ഈ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ട്. പഴയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റി പദ്ധതിസ്ഥലത്തെ മരങ്ങൾ മുറിച്ചുമാറ്റാൻ സാമുഹിക വനവത്കരണവിഭാഗം നിശ്ചയിച്ച തുകയ്ക്ക് ലേലം നടത്തിയെങ്കിലും ആരും ഏറ്റെടുക്കാൻ എത്താത്തതിനാൽ വിപുലമായ പരസ്യം നൽകി വീണ്ടും ലേലം നടത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിയാണ് കരാർ എടുത്തിട്ടുള്ളത്. കെ.എസ്.ഇ.ബി.യാണ് നിർവഹണ ഏജൻസി. 28 മാസമാണ് നിർമാണ കാലാവധിയെന്നും മന്ത്രി പറഞ്ഞു.
ഡയാലിസിസ് യൂണിറ്റിനുള്ള അനുമതി പരിശോധിക്കും
കീഴ്‍പ്പള്ളി സി.എച്ച്.സി.യിൽ ഡയാലിസിസ് യൂണിറ്റിനു അനുമതി നൽകാൻ കഴിയുമോയെന്ന കാര്യം പരിശോധിക്കാൻ നിർദേശം നൽകിയതായി മന്ത്രി സണ്ണി ജോസഫ് എം.എൽ.എ.യ്ക്ക് മറുപടി നൽകി.
ആദിവാസി പുനരധിവാസ കേന്ദ്രമായ ആറളം ഫാം ഉൾപ്പെടുന്ന ബ്ലോക്ക് പഞ്ചായത്ത് എന്ന നിലയിൽ സർക്കാർ പ്രത്യേക പരിഗണന നൽകണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.
സി.എച്ച്.സി.കളിൽ ഡയാലിസിസ് യൂണിറ്റിന് അനുമതി നൽകാൻ കഴിയുമോയെന്ന കാര്യം പരിശോധിക്കാൻ നിർദേശം നൽകിയതായി മന്ത്രി അറിയിച്ചു.
ആർദ്രം മിഷൻ മാനദണ്ഡമനുസരിച്ച് താലൂക്ക് ആസ്പത്രി തലം മുതൽ മുകളിലോട്ടുള്ള ആരോഗ്യ സ്ഥാപനങ്ങളിൽ മാത്രം പുതുതായി ഡയാലിസിസ് യൂണിറ്റ് ആരംഭിക്കാൻ അനുമതി നൽകാനുള്ള തീരുമാനമാണ് തടസ്സമെന്നും മന്ത്രി പറഞ്ഞു.