കണ്ണൂർ സെയ്ന്റ് മൈക്കിൾസിൽ അടുത്തവർഷം മുതൽ പെൺകുട്ടികൾക്കും പഠിക്കാം

Share our post

കണ്ണൂർ : ഒന്നരനൂറ്റാണ്ടിലേറെ ചരിത്രമുള്ള കണ്ണൂർ സെയ്ന്റ് മൈക്കിൾ ആംഗ്ലോ ഇന്ത്യൻ ബോയ്‌സ് ഹയർ സെക്കൻഡറി സ്കൂളിൽ ഇനി പെൺകുട്ടികൾക്കും പ്രവേശനം. ഇതിന്റെ ശുപാർശ വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ച് ഉത്തരവിറക്കി. വരുന്ന അധ്യയനവർഷം മുതൽ ആൺകുട്ടികളും പെൺകുട്ടികളും ഇവിടെ ഒന്നിച്ചിരുന്ന് പഠിക്കും.

ആദ്യഘട്ടത്തിൽ പ്ലസ്‌വണ്ണിലും ഒന്നാംക്ലാസിലുമാണ് പെൺകുട്ടികൾക്ക് പ്രവേശനം നൽകുക. നിലവിൽ ഇവിടെ 1,700 വിദ്യാർഥികളുണ്ട്. സ്കൂൾ മിക്സഡാക്കാൻ മാനേജ്മെന്റും അധ്യാപക രക്ഷാകർതൃസമിതിയും അപേക്ഷ സമർപ്പിച്ചിരുന്നു. ജില്ലാ വിദ്യാഭ്യാസ ഓഫീസർ അനുകൂല റിപ്പോർട്ട് നൽകി. കണ്ണൂർ കോർപ്പറേഷനും അനുകൂലിച്ചു. ഇതോടെ നഗരത്തിൽ ആൺകുട്ടികൾ മാത്രം പഠിക്കുന്ന സ്കൂൾ ഇല്ലാതായി. ജില്ലയിലെ ഏറ്റവും പ്രശസ്തമായ സ്കൂളുകളിലൊന്നാണിത്.

സംസ്ഥാനത്ത് 381 സ്കൂളുകളും 62 കോളേജുകളും ആൺ-പെൺ വേർതിരിവോടെ പ്രവർത്തിക്കുന്ന പ്രശ്നം ചൂണ്ടിക്കാട്ടി  2021-ൽ നിരവധി വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നു. ഇതേത്തുടർന്ന് മുപ്പത്തഞ്ചോളം സ്കൂളുകൾ മിക്സഡാക്കി. ഒടുവിലത്തേതാണ് ഇത്. ഈശോ സഭയുടെ (ജസ്യൂട്സ്) നിയന്ത്രണത്തിലാണ് സ്കൂൾ.

1850-കളിൽ ബർണശ്ശേരിയിൽ റോമൻ കാത്തലിക് മലയാളം മീഡിയം സ്കൂളായി തുടങ്ങിയതാണിത്. 1887-ൽ ഈശോസഭാ വൈദികർക്ക് കൈമാറി. 2000-ലാണ് ഹയർ സെക്കൻഡറി തുടങ്ങിയത്.

വാർഷികത്തിൽ ചരിത്രപ്രഖ്യാപനം സ്കൂളിന്റെ 159-ാം വാർഷികം ശനിയാഴ്ച ആഘോഷിക്കാനിരിക്കെയാണ് പുതിയ പ്രഖ്യാപനം വന്നത്. സ്കൂൾ മിക്സഡ്‌ ആക്കാനുള്ള തീരുമാനത്തിനും തുടർനടപടികൾക്കും മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയും എം.പി.യായിരുന്ന പി.കെ.ശ്രീമതിയും ഏറെ പിന്തുണ നൽകിയിരുന്നതായി സ്കൂൾ അധികൃതർ പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!