ഡേറ്റിംഗും റിലേഷൻഷിപ്പും പാഠ്യവിഷയമാക്കി സി.ബി.എസ്.ഇ

ന്യൂഡൽഹി: കൗമാര കാലഘട്ടം ക്രഷുകൾ, വളർന്നുവരുന്ന ബന്ധങ്ങൾ, മാറിക്കൊണ്ടിരിക്കുന്ന ഹോർമോണുകൾ എന്നിവയാൽ നിറഞ്ഞതായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ. ഇവ കൃത്യമായ രീതിയിൽ കൈകാര്യം ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ ഭാവിയിൽ ഒരിക്കലും ഉണങ്ങാത്ത മുറിവുകളായി അവ മാറും.
ഇന്ത്യയിലെ നിലവിലെ സാമൂഹിക പശ്ചാത്തലത്തിൽ, മാതാപിതാക്കളുമായി ഇത്തരം കാര്യങ്ങൾ ചർച്ച ചെയ്യുന്നത് പല കൗമാരക്കാർക്കും ചിന്തിക്കാന്‍ പോലുമാകാത്ത കാര്യമാണ്. മാർഗനിർദേശത്തിനായി കുട്ടികൾ ഇൻ്റർനെറ്റിനെയോ സുഹൃത്തുക്കളെയോ ആശ്രയിക്കുന്നത് സാധാരണമാണ്.
ഈ സാഹചര്യം തിരിച്ചറിഞ്ഞുകൊണ്ട്, സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സി.ബി.എസ്.ഇ) ഒൻപതാം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള പാഠ പുസ്തകങ്ങളിൽ ഡേറ്റിംഗും റിലേഷൻഷിപ്പും ഉൾക്കൊള്ളിച്ച് ഒരു അധ്യായം തന്നെ തുടങ്ങിയിട്ടുണ്ട്.
ഡേറ്റിംഗ് ആൻഡ് റിലേഷൻഷിപ്‌സ്, അണ്ടർസ്റ്റാന്ഡിങ് യുവർ സെൽഫ് ആൻഡ് ദി അദർ പേഴ്സൺ’ എന്നാണ് അധ്യായത്തിന്റെ പേര്. ‘ഗോസ്റ്റിംഗ്’, ‘കാറ്റ്ഫിഷിംഗ്’, ‘സൈബർ ബുള്ളിയിങ്’ തുടങ്ങിയ പദങ്ങൾ പരിചയപ്പെടുത്തുകയും, റിലേഷൻഷിപ്പുകളെയും ക്രഷുകളെയും കുറിച്ച് ചെറു കഥകളിലൂടെ അവതരിപ്പിക്കുകയുമാണ് ഈ അധ്യായത്തില്‍ ചെയ്യുന്നത്.
പാഠപുസ്തകത്തിലെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്. @nashpatee എന്ന വ്യക്തിയാണ് പുസ്തകത്തിൽ നിന്നുള്ള ചിത്രങ്ങൾ X-ൽ പങ്കുവെച്ചത്. പോസ്റ്റിനു താഴെ നിരവധി പേർ പോസിറ്റീവ് കമന്റുകളുമായി എത്തിയിട്ടുണ്ട്. ബാല്യകാല അനുഭവങ്ങളും ചിലർ പങ്കുവെച്ചു.